കോട്ടയം: കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയും സാംസ്കാരിക തകര്‍ച്ചയ്ക്കെതിരെയും കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ നടന്ന സ്ത്രീ സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദയാബായി.
സ്ത്രീകളെ വ്യക്തിയായിട്ടല്ല സാധനമായിട്ടാണ് ഇവിടെയുള്ളവര്‍ കാണുന്നത്. മൂല്യങ്ങള്‍ ശിഥിലമായ ഹൃദയം മരവിച്ച സമൂഹമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ കൊച്ചുകുഞ്ഞു മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. ദിനംപ്രതി അനാഥാലയങ്ങളുടെ എണ്ണവും കൂടിക്കൂടിവരുകയാണ്. കേരളത്തില്‍ ബാറുകള്‍ പൂട്ടിയശേഷം സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് നേരിയ തോതില്‍ കുറവുണ്ടായിരുന്നു. ഇനി പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയാവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍. ഇതിനെ തടയുവാനായി കേരളത്തില്‍ മദ്യം നിര്‍ത്തലാക്കണമെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. സി. മാമ്മച്ചന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.ആര്. മീര, അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സെക്രട്ടറി ഷൈല കെ. ജോണ്‍, പ്രൊഫ. സി.എസ്. മേനോന്, അഡ്വ. എം.എ. ബിന്ദു, ആന്‍സമ്മ തോമസ്, മണിയമ്മ രാജപ്പന്, ഡോ. കൊച്ചുറാണി എബ്രഹാം, എന്‍.കെ. ബിജു, പ്രൊഫ. പി.എന്‍. തങ്കച്ചന്, സലീമ ജോസഫ്, ആനി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. മീന കെ. ഫിലിപ്പ് സ്വാഗതവും കെ.എസ്. ശശികല നന്ദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: