ദൈതയുടെ വഴിയെ മൂന്നു സഹോദരിമാരും സഹോദരനും തായ്ക്വാണ്ടയിലേക്ക് മനസും ശരീരവും അര്‍പ്പിച്ചപ്പോള്‍ പിതാവ് എതിര്‍ത്തില്ല. തായ്കൊണ്ടയുടെ വിപുലമായ സാധ്യതകള്‍ അറിഞ്ഞുകൊണ്ടല്ല, മറിച്ച് അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കുവരെ പ്രയോജനകരമാണെന്ന വിശ്വാസമായിരുന്നു അതിന് ആധാരം.
കേരളത്തില്‍ പ്രചാരം വര്‍ദ്ധിച്ചുവരുന്ന കൊറിയന്‍ ആയോധനകലയാണ് തായ്ക്വാണ്ട. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ഈ ആയോധനകലക്ക് മറ്റ് രാജ്യങ്ങള്‍ വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ഒളിമ്പിക്സ് ഇനമായാണ് അവര്‍ ഇതിനെ കാണുന്നതും കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതും. കൊല്ലം പട്ടത്താനം കുറ്റിശേരി വീട്ടില്‍ റിട്ട. ഹോമിയോ ഡോക്ടറായ സുഭാഷ് കുറ്റിശേരിയുടെ മൂത്തമകള്‍ ദൈതജോളി കുറ്റിശേരി സ്കൂള്‍ പഠനകാലം മുതല്‍ക്കെ തായ്ക്വാണ്ട അഭ്യസിച്ചിരുന്നു. ഹൈസ്കൂള്‍തലത്തില്‍ പഠനം നടത്തവെ കൊല്ലം വിമലഹൃദയ സ്കൂളിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിനിറങ്ങിയത്. കായികാഭ്യാസത്തോടെപ്പം പഠനത്തിലും മുന്നിലുള്ള ദൈത എംഎസ്സി ബിരുദധാരിയാണ്.
സംസ്ഥാനചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ വിദഗ്ധപരിശീലനം നേടണമെന്ന് അഭ്യുദയകാംക്ഷികളും കായികരംഗത്തെ പ്രമുഖരും ഉപദേശിച്ചതോടെയാണ് പൂര്‍ണമായും ഈ ഇനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിശാഖപട്ടണത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നടന്നതാണ് ദൈതയുടെ ആദ്യ ദേശീയതലമത്സരം.
സ്വര്‍ണഭാരതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്ത് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് ദൈത നേടിയത്. അതിനുശേഷം മികച്ച പരിശീലനവും കഠിനാധ്വാനവും ദൈതക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കി. സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് തവണയാണ് ദൈത മെഡല്‍ നേടിയത്.
കൊല്‍ക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ടില്‍ നിന്നും തായ്ക്വാണ്ടയില്‍ ഡിപ്ലോമ നേടിയ ദൈത ഈ രംഗത്ത് ആദ്യത്തെ മലയാളിപെണ്‍കുട്ടി കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. മലയാളിപെണ്‍കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ കായികരംഗത്ത് എത്രമാത്രം ഉയരത്തില്‍ എത്താനാകുമെന്നതിന് ഏറ്റവും നല്ല ഉദാഹണമാണ് ദൈതജോളി കുറ്റിശേരി.
അരുണാചല്‍പ്രദേശില്‍ 2007ലും തിരുവനന്തപുരത്ത് 2006ലും ചെന്നൈയില്‍ 2004ലും മണിപ്പൂരില്‍ 2005ലും നടന്ന ദേശീയമത്സരങ്ങളില്‍ വിജയിയാണ് ദൈത. സംസ്ഥാനതലത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചായിരുന്നു ദൈതയുടെ പ്രയാണം. 2004ല്‍ സായി ഇന്റര്‍ റീജിണല്‍ തായ്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായി പ്രവര്‍ത്തിച്ചു. പിന്നീട് ദേശീയ ജൂനിയര്‍ ഇന്റര്റീജിണല് ചാമ്പ്യന്‍ഷിപ്പുകള്‍ പലതിലും റഫറിയുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.
നിരവധി ടൂര്‍ണമെന്റുകളില്‍ ടീം മാനേജരുടെയും ഒഫിഷ്യലിന്റെയും ദൗത്യം വിജയകരമായി നിര്‍വഹിച്ചു. രാജ്യത്തെ ഒരുവിധപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും കായികമത്സരങ്ങള്‍ക്കായി പോയിട്ടുള്ള ദൈതക്ക് മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മികച്ച പിന്തുണയാണ് നല്‍കുന്നത്. പ്രഫുല്‍, ദീപ്തി, ദിത്യ, ദിവ്യ എന്നിവരാണ് ദൈതയുടെ സഹോദരങ്ങള്‍. ഇവര്‍ക്കെല്ലാം തായ്ക്വാണ്ട പരിശീലനം നല്‍കിയത് ദൈതയാണ്. ഈ പരിശീലനത്തിന്റെ മികവിന് തെളിവാണ് ഏകസഹോദരന് പ്രഫുല്‍ വിശാഖപട്ടണത്ത് നടന്ന ദേശീയമത്സരത്തില്‍ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനതലത്തില്‍ മൂന്നുതവണ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രഫുല്‍. ഡിഗ്രി അവസാനവര്‍ഷവിദ്യാര്‍ത്ഥിയായ ദീപ്തിയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ദിത്യയും പത്താംക്ലാസില്‍ പഠിക്കുന്ന ദിവ്യയും തായ്ക്വാണ്ടയില്‍ കഴിവു തെളിയിച്ചവരാണ്. തായ്കോണ്ട കുടുംബം എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ കുറ്റിശേരി കുടുംബം അറിയപ്പെടുന്നതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: