ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം വലുതാണെന്ന് തിരിച്ചറിഞ്ഞ് ഒരു സംഘം ഉദ്യോഗസ്ഥകള്‍ ചേര്‍ന്ന് രൂപം നല്കിയ സംഘടനയാണ് കേരള വര്‍ക്കിംഗ് വിമന്‍സ് അസോസിയേഷന്.
1973 ല്‍ സ്ഥാപിതമായ ഈ കൂട്ടായ്മ പരേതയായ സ്വാതന്ത്ര്യ സമര സേനാനി ദേവകി വാര്യര്‍, രുഗ്മിണി കൃഷ്ണന്, ഗിരിജാ പോറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്മം കൊണ്ടത്. 40 വര്‍ഷത്തിലേറെയായി തൊഴിലെടുക്കുന്നവരുടെയും അല്ലാത്തവരുടെയും സാമൂഹ്യപദവി ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള നിരവധി പരിപാടികള്‍ അസോസിയേഷന് ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, നഴ്സറി, കുടുംബ കൗണ്‍സലിംഗ് സെന്റര്‍, ഹ്രസ്വകാല വസതി, സൗജന്യ നിയമസഹായം നല്കുന്ന സ്ഥാപനം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന് നടത്തിവരുന്നു.
സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി സെമിനാറുകള്‍, ബോധവത്ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍ മുതലായവയും അസോസിയേഷന് സംഘടിപ്പിച്ചുവരുന്നു.
വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥകളാണ് അസോസിയേഷനിലെ അംഗങ്ങള്‍. എന്നാല്‍ അസോസിയേഷന്റെ പ്രവര്‍ത്തനമേഖല സമൂഹത്തിന്റെ വിവിധമേഖലകളിലുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നിരാലംബരായ സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിന് വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ രൂപം നല്‍കിയിട്ടുള്ള കമ്മറ്റികളിലും അസോസിയേഷന്റെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ പാളയത്തിനു സമീപം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നിര്‍മിച്ച മൂന്നുനില കെട്ടിടത്തില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു.
120 പേര്‍ക്ക് സ്ഥിരമായ താമസ സൗക്യം ഒരുക്കിയിരിക്കുന്നതോടൊപ്പം നഗരത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന മറ്റ് ജില്ലകളിലെ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യവും ഒരുക്കുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കും ഇന്റര്വ്യവിനും മറ്റുമായി കുറച്ചുദിവസത്തെ താമസം ആവശ്യമുള്ളവര്‍ക്കായി അഥിതിമന്ദിരങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പത്രസ്ഥാപനങ്ങളിലും ആശുപത്രിയിലും ജോലിചെയ്യുന്നവര്‍ക്കും സായാഹ്നക്ലാസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ കാരണം വൈകി എത്താന്‍ കഴിയുന്ന സ്ത്രീകള്‍ക്കും അതിനുള്ള പ്രത്യേക അനുവാദവും നല്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ചവരുമായി സംവദിക്കുന്നതിനായി മാസത്തില്‍ ഒരു ദിവസം സംവാദ പരിപാടി നടത്തിവരുന്നു. കൂടാതെ അംഗങ്ങളുടെ കലാകായികവാസന വളര്‍ത്താനുള്ള നിരവധി പരിപാടികള്‍ നടത്താറുണ്ട്.
ഷോര്‍ട്ട് സ്റ്റേഹോം
ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗികമായ അതിക്രമങ്ങള്ക്കിരയാകുമെന്നു ഭയമുള്ള കൗമാരക്കാര്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സ്റ്റേഹോം 2004 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. മൊത്തം ചെലവിന്റെ 80 ശതമാനവും കേന്ദ്ര സാമൂഹ്യ ക്ഷേമബോര്‍ഡില്‍നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി ഗ്രാന്റായി ലഭിക്കുന്നു. താമസം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യസം, ചികിത്സ, കേസുനടത്തിപ്പിനാവശ്യമായ ചെലവുകള്‍ എല്ലാം അസോസിയേഷന് വഹിക്കുന്നു. തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടാണ് ഈ ഹ്രസ്വകാല വസതി പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 120 ല്‍ പരം സ്ത്രീകളും 22 കുട്ടികളും ഇവിടെ പ്രവേശനം തേടിയെത്തുന്നു. 75 ശതമാനം പേരയെും പോലീസുകാരാണ് ഈ സ്ഥാപനത്തിലേക്ക് എത്തിക്കുന്നത്.ഫലപ്രദമായ കൗണ്‍സലിംഗിലൂടെ ഏതാണ്ട് പകുതിപ്പേരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി കുടുംബങ്ങളില്‍ എത്തിക്കുന്നു. മറ്റുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്കി ജോലി സമ്പാദിച്ചു നല്‍കാനും സഹായിക്കുന്നു. കൗമാരപ്രായാക്കാര്ക്ക് പഠനം തുടരാനുള്ള സാഹചര്യം ഒരുക്കാനും അസോസിയേഷന് സന്നദ്ധമാണ്.
ഫാമിലി കൗണ്‍സലിംഗ് സെന്റര്‍
തിരുവനന്തപുരം വനിതാ സെല്ലിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സെന്ററിനും കേന്ദ്ര സാമൂഹ്യ ക്ഷേമബോര്സിന്റെ ധന സഹായം ലഭിക്കുന്നു. സ്വന്തം വിഷമങ്ങളുമായി സ്റ്റേഷനിലെത്തുന്ന സ്ത്രീള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും സാന്ത്വനവവും നല്കുന്നു. കുടുംബ പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മൂന്നു വനിതാ കൗണ്‍സിലര്‍മാരാണ് സെന്ററിന് നേതൃത്വം നല്‍കുന്നത്.
സര്‍വീസ് പ്രൊവൈഡര്‍
സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചുള്ള ഗാര്‍ഹികപീഡന നിരോധന നിയമം 2005 അനുസരിച്ച് ഈ അസോസിയേഷന്റെ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ നിയമോപദേശവും കേസ് നടത്തിപ്പും നല്കിവരുന്നു.
ക്രഷെ
സമൂഹത്തിലെ വരുമാനം കുറഞ്ഞ വിഭാഗക്കാര്‍ക്കായി ഒരു ക്രഷെയും പ്രവര്‍ത്തിക്കുന്നു. പോഷകാഹാരം, വൈദ്യ പരിശോധന മുതലായവ കുട്ടികള്‍ക്ക് പതിവായി ലഭ്യമാക്കുന്നു. അസംഘടിത തൊഴിലാളികളും വീട്ടമ്മമാരുമായ കുറഞ്ഞ വരുമാനക്കാരുടെ കുട്ടികള്‍ക്ക് ഒരു ആശ്രയകേന്ദ്രമാണിത്. പ്രസിഡന്റ് പത്മിനി വര്‍ക്കിയും സെക്രട്ടറി ടി. രാധാമണിയും ജോയിന്റ് സെക്രട്ടറി പി. എന്‍.സരസമ്മയുമടങ്ങുന്ന കമ്മറ്റിയാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: