കരുനാഗപ്പള്ളി: കേരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച പച്ചത്തേങ്ങാസംഭരണം അവതാളത്തിലായി. കൃഷിവകുപ്പും കേരഫെഡും ചേര്‍ന്ന് കൃഷിഭവന് വഴി നടപ്പിലാക്കിയ പദ്ധതിയാണ് മാസങ്ങള്‍ക്കുള്ളില്‍ താറുമാറായത്.
ഇടനിലക്കാരെ ഒഴിവാക്കി, മെച്ചപ്പെട്ട വില കര്ഷകന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2013 ജനുവരി ഒന്നിന് പദ്ധതി തുടങ്ങിയത്. പത്തുകോടിരൂപ അനുവദിച്ച പദ്ധതിയാണ് കേരഫെഡിന്റെ പിടിപ്പുകേട് കാരണം അവതാളത്തിലായത്.
കരുനാഗപ്പള്ളി പുതിയകാവ് കേരഫെഡില്‍ ചേര്‍ന്ന് ഉദ്ഘാടന മാമാങ്കത്തിന് രണ്ടുലക്ഷം രൂപ വേറെയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 10 കോടി ചെലവാക്കിതീരുന്നതുവരെ കൃഷിവകുപ്പും കേരഫെഡും ഉഷാറായിരുന്നു. കൃഷിഭവനുകള്‍ ശേഖരിച്ച പൊതിച്ച പച്ചത്തേങ്ങ കേരഫെഡില്‍ യഥാസമയം എത്തിച്ചെങ്കിലും കേരഫെഡ് ഒരു തുടര്‍നടപടികളും ചെയ്തില്ല. ഈ തേങ്ങ മാസങ്ങളോളം കിടന്നു നശിച്ചു. കുറെയധികം കിളിച്ചു. കൂടുതലും അഴുകിയതോടെ കിടന്നയിടത്തില്‍ നിന്നും നീക്കം ചെയ്തു.
അങ്ങനെ പച്ചത്തേങ്ങാസംഭരണവും സംസ്കരണവും നഷ്ടത്തിലായി. കര്‍ഷകരില്‍ നിന്നും വാങ്ങിയ തേങ്ങയ്ക്കു നല്കിയ ചെക്കുകളുമായി ബാങ്കുകളില്‍ എത്തിയാല്‍ പണം ലഭിക്കാതായി. ബാങ്കില്‍ പണമില്ലെന്ന് അറിഞ്ഞതോടെ നൂറുകണക്കിന് കര്‍ഷകര്‍ വലഞ്ഞു. പണം നല്‍കാതെ വന്നതോടെ കേരകര്ഷകരില് നിന്നും കൃഷിഭവനുകളും പച്ചത്തേങ്ങാസംഭരണം നിര്‍ത്തിവച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. കൃഷിഭവന് വഴി തേങ്ങാ കിലോ ഒന്നിന് 25 രൂപ നിരക്കില്‍ നല്കി. സംഭരണം നിലച്ചതോടെ നാളീകേരത്തിന്റെ ലഭ്യത കുറഞ്ഞു, പൊതുവിപണിയില്‍ നാളീകേരത്തിന് വലിയ വിലയായി. ഇപ്പോള്‍ ഒരു കിലോ തേങ്ങയ്ക്ക് 28 രൂപ മുതല്‍ 30 രൂപ വരെ പൊതുവിപണിയില്‍ ലഭിക്കുന്നു. ഒറ്റതേങ്ങാ ക്രമത്തില്‍ 30 മുതല്‍ 38 രൂപ വരെ കമ്പോളത്തില്‍ തേങ്ങയ്ക്ക് കച്ചവടക്കാര്‍ വില ഈടാക്കുന്നുണ്ട്.
തുടക്കത്തില്‍ പച്ചത്തേങ്ങാ സംഭരണത്തിന് 10 കോടി അനുവദിച്ചെങ്കിലും ഇതില്‍ 50 ശതമാനത്തിലധികം ഭരണകക്ഷിക്കാരുടെ നേതൃത്വത്തില്‍ നിയമനങ്ങള്ക്കെന്ന പേരില്‍ മാറ്റുകയായിരുന്നു. ഓരോ കൃഷിഭവനിലും പച്ചത്തേങ്ങാസംഭരണത്തിനായി മൂന്നു ജീവനക്കാരെ വീതം മൂന്നു ജില്ലകളിലുള്ള മുഴുവന്‍ കൃഷിഭവനുകളിലും നിയമിച്ചു. ഇത്തരത്തില്‍ നിയമിച്ച ജീവനക്കാര്‍ക്ക് തുടക്കം മുതല്‍ ജോലിയെടുക്കാതെ ശമ്പളം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: