തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തെ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോഴ്സിനെ ചൊല്ലി സര്‍വകലാശാല അധികൃതരും സഹകരണ വകുപ്പും തമ്മില്‍ തര്‍ക്കം. കുറഞ്ഞ ചിലവില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ കേരള സര്‍വകലാശാല ആരംഭിച്ച സ്ഥാപനം ചട്ടവിരുദ്ധമായി സ്വകാര്യ അച്ചടി ഏറ്റെടുത്ത് നടത്തുന്നതിന്റെ പേരിലാണ് തര്‍ക്കം ഉടലെടുത്തത്. സര്‍വ്വകലാശാല ആസ്ഥാന വളപ്പിലെ നിയമവിരുദ്ധമായ സ്വകാര്യ അച്ചടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ സഹകരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്കി.
സര്‍വകലാശാലക്ക് പുറത്തുള്ള മൂന്ന് പേരെ ചട്ടവിരുദ്ധമായി സെന്‍ട്രല്‍ കോപ്പറേറ്റീവ് സ്റ്റോഴ്സില്‍ നിയമിച്ച് സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി അച്ചടി ആരംഭിച്ചതാണ് കേരളസര്‍വ്വകലാശാല അധികൃതരെ ചൊടിപ്പിച്ചത്. കേരള സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് സഹകരണ വകുപ്പ് മൂന്ന് പേര്‍ക്ക് നിയമനം നല്‍കിയത്. സര്‍വ്വകലാശാല മാനുവല്‍ പ്രകാരം 3 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭരണസമിതിക്കാണ് സ്ഥാപനത്തിന്റെ മേല്‍നോട്ട ചുമതല. ഇതിന് വിരുദ്ധമാണ് സഹകരണ വകുപ്പിന്റെ നിയമനം.
ഇന്നലെ സര്‍വ്വകലാശാല രജിസ്ട്രാര്‍ സഹകരണ വകുപ്പ് സെക്രട്ടറിക്കു നല്കിയ പരാതിയാണിത്. പാഠപുസ്തകങ്ങള്‍ അച്ചടിച്ച് കുറഞ്ഞ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്നതിനു വേണ്ടി സര്‍വ്വകലാശാല ആസ്ഥാനത്തു തന്നെ തുടങ്ങിയ സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സ്റ്റോഴ്സില്‍ പുറത്ത് നിന്നുളള പ്രസിദ്ധീകരണങ്ങളുടെ അച്ചടി പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഈ സ്ഥാപനം സ്വകാര്യമേഖലയുടെ അച്ചടി ഏറ്റെടുത്ത നടപടി ഉദ്ദേശ്യലക്ഷ്യങ്ങളുടെ ലംഘനമാണെന്നും നിയമവിരുദ്ധമായ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ ചൂണ്ടികാട്ടുന്നു. സര്‍വ്വകലാശാല ചട്ടങ്ങളില്‍ നിര്‍ദ്ദേശിക്കുന്നതുപോലെ 3 സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുന്ന സമിതിക്ക് സെന്‍ട്രല്‍ കോപ്പറേറ്റീവ് സ്റ്റോഴ്സിന്റെ മേല്‍നോട്ട ചുമതല നല്‍കണമെന്നാണ് കേരള സര്‍വ്വകലാശാലയുടെ ആവശ്യം. സഹകരണ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും രജിസ്ട്രാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: