എരുമേലി: ആചാരാനുഷ്ഠാനങ്ങളോടെ എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും. പേട്ടതുള്ളി പരമ്പരാഗത പാതയിലൂടെ അയ്യപ്പദര്‍ശനത്തിനായി ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് എരുമേലിയിലെത്തിച്ചേര്ന്നിട്ടുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൃഷ്ണചൈതന്യം നീലാകാശത്തില്‍ ചൊരിഞ്ഞ് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്നതോടെ കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളല്‍ ആരഭിക്കും. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍.
അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളലാണ് രണ്ടാമതായി കൊച്ചമ്പലത്തില്‍ നിന്നും ആരംഭിക്കുന്നത്. നട്ടുച്ചയ്ക്ക് നീലാകാശത്തില്‍ വെള്ളിനക്ഷത്രം തെളിയുന്നതോടെ ആലങ്ങാട്ടു സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. ശുഭ്രവസ്ത്രധാരികളായി കളഭ ചന്ദനങ്ങള്‍ ദേഹത്തു പൂശി ദേവ വാദ്യമികവില് പദാനുപദം നൃത്തംവച്ചാണ് ആലങ്ങാട്ടു സംഘത്തിന്റെ പേട്ടതുള്ളല്‍. ഇത് കൊച്ചമ്പലത്തില്‍ നിന്നും നേരേ വലയമ്പലത്തിലേക്കാണ് നടക്കുക.
എം.കെ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട്ടു സംഘം പേട്ടതുള്ളലിന് എത്തുന്നത്. പേട്ടതുള്ളിയെത്തുന്ന ഭക്തജനങ്ങള്‍ 13ന് പമ്പയില്‍ പമ്പസദ്യയും പമ്പവിളക്കും നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് പുറപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: