തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ തീവ്രപരിചരണവിഭാഗം അടച്ചുപൂട്ടി. രണ്ട് ദിവസമായി ഐസിയുവിലെ എസികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലം അണുബാധ ഉണ്ടാകുമെന്നുള്ള ഭീതിയെത്തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗം അടച്ചുപൂട്ടുവാന്‍ തീരുമാനമായത്.
ഒരേസമയം 35 കുട്ടികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ളതാണ് ഐസിയു. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ തല്ക്കാലം പഴയ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയതായി എത്തുന്ന കുട്ടികളെ ഇതുമൂലം ചികിത്സിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അറ്റകുറ്റപണികള്‍ക്കുവേണ്ടി രണ്ടുദിവസത്തോളം വേണ്ടിവരുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം മെഡിക്കല്‍ കോളേജിലെ പുതിയ ആശുപത്രിയിലെ മള്‍ട്ടി ഡിസിപ്ലിനറി തീവ്രപരിചരണ വിഭാഗത്തിലേക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ നശിക്കുന്നത് ഏറെ വിവാദം ഉയര്‍ത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് സ്ഥലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സര്‍ജിക്കല്‍ വിഭാഗത്തിന്റെ ഐസിയുവിലേക്കാണ് പതിനാല് വെന്റിലേറ്ററുകളും സ്ഥാപിക്കാന്‍ വേണ്ടി എത്തിച്ചിട്ടുള്ളത്. ആറുമാസം പിന്നിട്ടിട്ടും സ്ഥാപിക്കാത്തതുമൂലമാണ് ലക്ഷങ്ങള്‍ വിലവരുന്ന വെന്റിലേറ്ററുകള്‍ നശിക്കാന്‍ കാരണമെന്നും ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: