വടക്കാഞ്ചേരി: സഹകരണ വികസന ക്ഷേമനിധി ഓഫീസില്‍ നടന്ന അഴിമതിയെയും ബോര്‍ഡ് വൈസ് ചെയര്‍മാനും വനിത ജീവനക്കാരിയും തമ്മിലുള്ള ബന്ധത്തേയും ചൊല്ലി സഹകരണ വകുപ്പിനെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനത്തേയും പുറത്തുവിട്ട വീഡിയോ ക്ലിപ്പിനേയും ചൊല്ലിയാണ് സഹകരണബോര്ഡ് വൈസ് ചെയര്മാന് ഇ.കെ.ദിവാകരനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
ഇ.കെ.ദിവാകരന് സഹകരണ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായതിനുശേഷം തിരുവനന്തപുരത്തെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിയും അനാശാസ്യവും നടക്കുന്നുവെന്നാണ് ആരോപണം. ഓഫീസിന്റെ രണ്ടാംനില പൂര്‍ണ്ണമായും വൈസ് ചെയര്മാന് കയ്യടക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരോ അല്ലാത്തവരോ ഓഫീസുകളില്‍ താമസിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് ശീതീകരിച്ച ആഡംബരമുറിയാണ് വൈസ് ചെയര്‍മാനുവേണ്ടി ഒരുക്കിയിട്ടുള്ളത്.
നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഭരണകക്ഷിയില്‍പെട്ടവര്‍ തുറന്നു പറയുന്നു. എം.വി.രാഘവന് സഹകരണമന്ത്രിയായിരിക്കെ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ച വനിത ജീവനക്കാരിയാണ് ഓഫീസ് ഭരണം നടത്തുന്നത്. ഇവര്‍ക്കെതിരെ സഹകരണവകുപ്പ് അണ്ടര്‍ സെക്രട്ടറി നടപടിക്ക് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച കേസ് ലോകായുക്തയിലും ഹൈക്കോടതിയിലും നിലനില്‍ക്കെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി അസി.മാനേജരായി നിയമനം നല്കി. മേലുദ്യോഗസ്ഥരെപ്പോലും ഇവര്‍ വിറപ്പിച്ച് നിര്‍ത്തുന്നതായാണ് പരാതി. ഇത് സംബന്ധിച്ച് വൈസ് ചെയര്‍മാനോട് പരാതിപ്പട്ടപ്പോള്‍ മറുപടിയില്ല. വൈസ് ചെയര്‍മാനെ നോക്കുകുത്തിയാക്കിയാണ് ഈ ജീവനക്കാരി എല്ലാ ക്രമക്കേടുകളും നടത്തുന്നത്.
2011ല്‍ ഇ.കെ.ദിവാകരന് വൈസ് ചെയര്‍മാനായതിനുശേഷം 10 താല്‍ക്കാലിക ജീവനക്കാരെയാണ് തിടുക്കപ്പെട്ട് നിയമിച്ചത്. അന്നുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഈ തസ്തികകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 900 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
എന്നാല്‍ മുമ്പ് താല്‍ക്കാലികക്കാരായി ജോലിയില്‍ പ്രവേശിച്ച പത്തുപേര്‍ തന്നെയാണ് സ്ഥിരം ജീവനക്കാരായി മാറിയത്. ഇതില്‍ 8 പേര് വൈസ് ചെയര്‍മാന്റെ ആളുകളാണെന്ന് ആക്ഷേപമുണ്ട്. ലക്ഷങ്ങളാണ് സ്ഥിരം നിയമനത്തിന് വേണ്ടി വൈസ് ചെയര്മാന് വാങ്ങിയിട്ടുള്ളത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് വൈസ് ചെയര്‍മാനും റിട്ട. അസി.രജിസ്ട്രാര്‍ സി.ഡി.ചന്ദ്രികയുമാണ്.
സര്‍ക്കാര്‍ ഏജന്‍സിയോ അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സിയോ എഴുത്തുപരീക്ഷ നടത്തുന്നതിനു പകരം കുടുംബശ്രീക്കായിരുന്നു പരീക്ഷാചുമതല. വൈസ് ചെയര്മാന് ആകുന്നതുവരെ കാര്യമായ സാമ്പത്തിക ഭദ്രതയൊന്നുമില്ലാതിരുന്ന ഇ.കെ.ദിവാകരന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. അനധികൃത സമ്പാദ്യമുണ്ടെന്ന് കോണ്‍ഗ്രസ്സുകാര്‍തന്നെ ആരോപിക്കുന്നു. എല്‍ഡിഎഫിന്റെ ഉന്നത നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ അഴിമതി ആരോപണങ്ങളിലും അനാശാസ്യആരോപണങ്ങളിലും ഇടതുപക്ഷത്തിന് താത്പര്യമില്ല.
ഓണ്‍ലൈന്‍ മാസികയില്‍ വന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സഹകരണവകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. സാധാരണക്കാരുടെ നികുതിപ്പണംകൊണ്ട് ജനക്ഷേമത്തിനുവേണ്ടി സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങളെ അഴിമതിക്കാരായ കൊള്ളസംഘങ്ങള്‍ കയ്യടക്കിവെച്ചിട്ടുള്ളതില് ജനങ്ങളില്‍ ശക്തമായ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: