ശബരിമല : മകരവിളക്ക് മഹോത്സവങ്ങളുടെ മുന്നോടിയായി 12, 13 തീയതികളില്‍ ശുദ്ധിക്രിയകള്‍ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് ശുദ്ധിക്രിയകള്‍ നടക്കുന്നത്. സന്നിധാനത്ത് അറിഞ്ഞോ അറിയാതയോ ഏതെങ്കിലും സാഹചര്യത്തില്‍ അശുദ്ധി ഉണ്ടായിട്ടുണ്ടങ്കില്‍ അതുമൂലം സംഭവിക്കാവുന്ന ചൈതന്യലോപത്തെ ഇല്ലാതാക്കാനാണ് ശുദ്ധിക്രിയകള്‍ നടത്തുക.
പന്ത്രണ്ടാം തീയതി രാവിലെ ഗണപതി പൂജയ്ക്ക് ശേഷം വൈകിട്ട് ദീപാരാധന കഴിഞ്ഞ് സന്നിധാനത്ത് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കുക. വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം രക്ഷോഹ്ന ഹോമം എന്നിവ നടക്കും. പതിമൂന്നിന് ചതുശുദ്ധി, ധാര, പഞ്ചഗം, പഞ്ചഗവ്യം എന്നിവ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
ശുദ്ധിക്രിയകള്‍ക്ക് ശേഷം ചൈതന്യവത്തായ അയ്യപ്പ വിഗ്രഹത്തിലാണ് 14 ന് വൈകിട്ട് പന്തളം കൊട്ടരത്തിലെ രാജപ്രതിനിധിയുടെ നേതൃത്വത്തില്‍ ഗുരുസ്വാമിമാര്‍ തലയിലേറ്റി എത്തിക്കുന്ന അയ്യപ്പന്റെ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്നത്. തുടര്‍ന്ന് നടതുറന്നതിനുശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്കും, ആകാശനീലിമയില്‍ മകരനക്ഷത്രവും ഉദിച്ചുയരും. ഈ സുദിനത്തിനുവേണ്ടിയാണ് എല്ലാംമറന്ന് ശരണ മന്ത്രങ്ങളുമായി പൂങ്കാവനത്തിനുള്ളില്‍ അയ്യപ്പഭക്തര്‍ തമ്പടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: