കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയിലെ ഒരു വേദിയില്‍ ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന് തുടങ്ങുന്ന താരാട്ട് പാട്ടിനെ ആസ്പദമാക്കി പ്രത്യേകം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ നിറഞ്ഞകയ്യടിക്കൊടുവില് സുധാ പീതാംബരനെ അഭിനന്ദിക്കുവാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള നിരവധിപേര്‍ എത്തി. അതില്‍ താന്‍സാനിയയിലെ സാംസ്കാരിക യുവജനക്ഷേമ മന്ത്രി ഡോ. ഫെനെല്ല മുകന്കാറ വന്ന് വേദിയിലെത്തി അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലെന്ന് സുധ പറയുന്നു.
ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും കൊടുമുടികള്‍ക്കും തിരമാലകള്‍ക്കുമപ്പുറം മോഹിനിയാട്ടത്തെ സുധയിലൂടെ ഹൃദയത്തിലേക്ക് ആവാഹിച്ച ധന്യനിമിഷമായിരുന്നു അത്. 2010 ഡിസംബറില്‍ അവിടുത്തെ മലയാളികളുടെ ക്ഷണപ്രകാരം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പക്കമേളക്കാര്‍ ഉള്‍പ്പടെയുള്ളവരുമായി നടത്തിയ നൃത്തപരിപാടികളുടെ അലയൊലികള്‍ നാട്ടിലും പ്രതിഫലിച്ചിരുന്നതായി സുധ ഓര്‍ക്കുന്നു.
ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു വേദിയില്‍ ഇതേ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോള്‍ മറുനാടന്‍ മലയാളി വ്യവസായിയായ വര്‍ഗ്ഗീസ് എന്നയാള്‍ വന്ന് അഭിനന്ദിക്കുകയുണ്ടായി. താന്‍സാനിയയില്‍ നൃത്തം കണ്ടിരുന്നുവെന്നും ഇവിടെ പരിപാടിയുണ്ടെന്നറിഞ്ഞ് ഓടിയെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും സുധ പറഞ്ഞു.
മോഹിനിയാട്ടരംഗത്ത് രജതജൂബിലിയുടെ നിറവിലാണ് സുധാപീതാംബരന്‍. സാധാരണ നര്‍ത്തകിമാരെപ്പോലെ നൃത്തത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ കലയെ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഉപാധിയാക്കിയെന്നതാണ് സുധയെ വ്യത്യസ്തയാക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ശീശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരുദേവന്, മഹാത്മാഗാന്ധി തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പഠനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ അവ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ നവോത്ഥാന നായകന്മാരുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ നൃത്തപരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.
ആ കാല്‍വെയ്പ്പ് അവസാനം വിജയം കാണുകയും ചെയ്തുവെന്നതും ചരിത്രമാണ്. നൃത്തം സാമൂഹിക മാറ്റത്തിനായും ഉപയോഗിച്ചതിനുള്ള അംഗീകാരമായി ഡോ. പി.സി. വാസുദേവന്‍ ഇളയത് സ്മാരക ട്രസ്റ്റ് നാട്യരത്ന പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ അന്നത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശങ്കരനാരായണനാണ് സുധാ പീതാംബരന് അവാര്‍ഡ് സമ്മാനിച്ചത്. ഈ അംഗീകാരം ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കാണുന്നെന്നും സുധ.
ഒരുകാലഘട്ടത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ശാസ്ത്രീയ നൃത്തത്തെ സാധാരണക്കാരിലേക്ക് എത്തിക്കുവാനായി എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന പ്രസ്ഥാനം ഇന്ന് വളര്‍ന്ന് വിവിധ ഗ്രാമങ്ങളിലുള്‍പ്പടെ 13 കേന്ദ്രങ്ങളിലായി വളര്‍ന്ന് കഴിഞ്ഞു. ഇവിടെനിന്നും പഠിച്ച് ഇവിടെ അദ്ധ്യാപികമാരായി ജോലി ചെയ്ത സുധയുടെ പല ശിഷ്യകളും ഇതേ രീതിയില്‍ ഡാന്‍സ് സ്കൂളുകള്‍ സ്ഥാപിച്ച് മുന്നോട്ട് പോകുന്നതിലും ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അഭിമാനപൂര്‍വ്വം സുധ ടീച്ചര്‍ പറയുന്നു.
ഒരു കലാകാരിക്ക് അടിസ്ഥാനപരമായി ഉണ്ടാകേണ്ടത് ഗുരുത്വമാണെന്ന് സുധ ചൂണ്ടിക്കാട്ടുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹമാണ് തന്റെ കലാജീവിതത്തില്‍ എന്നും പ്രചോദനമായിട്ടുള്ളത്. നല്ലൊരു കഥകളി ആസ്വാദകനായിരുന്ന അച്ഛന് പി.എസ്. വിശ്വംഭരന്റെയും അമ്മ പത്മാവതിയുടെയും പ്രോത്സാഹനമാണ് നൃത്തം അഭ്യസിക്കുവാന്‍ കാരണം. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു വീട്. എറണാകുളത്ത് കലൂരില്‍ ഗുരു കലാമണ്ഡലം മോഹന തുളസി ടീച്ചറിന്റ കീഴിലാണ് നൃത്തം അഭ്യസിച്ചത്.
കുച്ചുപ്പുടിയുടെ ആചാര്യനായിരുന്ന വെമ്പട്ടി ചിന്നസത്യമാസ്റ്ററുടെ ശിഷ്യയായിരുന്നു മോഹനതുളസി ടീച്ചര്‍. അതുകൊണ്ടുതന്നെ കുച്ചുപ്പുടിയിലായിരുന്നു തുടക്കം. നല്ലൊരു നാടക നടനായിരുന്ന സഹോദരന് പി.വി. ജയരാജായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കലൂരില്‍ നൃത്തം പഠിക്കുന്നതിനായി കൊണ്ടുപോയിരുന്നത്. ജയരാജ് ഇപ്പോള്‍ കിഴക്കന്‍ ആഫ്രിക്കയില്‍ ഒരു സ്ഥാപനത്തില്‍ എംഡിയാണ്. അദ്ദേഹമാണ് ആഫ്രിക്കയില്‍ നൃത്താവതരണത്തിനുളള വേദിയൊരുക്കിയതും. തികച്ചും ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനരീതി. അത് തന്റെ വ്യക്തിത്വരൂപീകരണത്തിന് ഏറെ സഹായിച്ചതായി സുധ പറയുന്നു.
ദൂരദര്‍ശനില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായിരിക്കുമ്പോഴാണ് മോഹിനിയാട്ടത്തിലേക്ക് തിരിയുന്നത്. കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിക്കുന്നത്. ഇതൊരു പുതിയ കാല്‍വെയ്പ്പായിരുന്നു. കൊച്ചിന് കോളേജില്‍ ബിഎസ് സിയും തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ എംഎസ്സി സുവോളജിയും കഴിഞ്ഞ്, കലക്കൊപ്പം ഒരു അദ്ധ്യാപികയാവണമെന്നതായിരുന്നു സുധയുടെ മോഹം. 1993ല്‍ പ്രൊഫ. പി.വി. പീതാംബരന്റെ സഹധര്‍മ്മിണിയായി ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയില്‍ എത്തിച്ചേരുന്നതോടെയാണ് കലാരംഗത്ത് പുതിയൊരു നിയോഗത്തിന് വേദിയൊരുങ്ങുന്നത്.
വിവാഹത്തിന് ശേഷം സാധാരണ പലര്‍ക്കും നൃത്തപഠനത്തിനും അവതരണത്തിനും തടസ്സങ്ങള്‍ നേരിടാറുണ്ടെങ്കിലും സുധയുടെ കഴിവുകള്‍ കണ്ടറിഞ്ഞ് ഭര്‍ത്താവായ പ്രൊഫ.പി.വി. പീതാംബരന് ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തിന് രൂപം നല്‍കുകയായിരുന്നു. 1993 മെയ് ഇരുപത്തിമൂന്നിനാണ് ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ആരംഭിക്കുന്നത്. കാലടി നാസ് ഓഡിറ്റോറിയത്തിലെ വാടക കെട്ടിടത്തിലാണ് ആദ്യ പരിശീലനത്തിന് തിരിതെളിയുന്നത്. ഇരുപത്തിയൊന്ന് ശിഷ്യരില്‍ നിന്ന് തുടങ്ങിയ ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ഇന്ന് പതിമൂന്ന് ശാഖകളും ആയിരത്തില്‍പ്പരം ശിഷ്യരുമായി ഉയരങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. സുധാ പീതാംബരന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയില്‍ കലാകാരികള്‍ ചുവട്വയ്ക്കുന്നു.
പ്രശസ്ത നര്‍ത്തകി പത്മാ സുബ്രഹ്മണ്യം തറക്കല്ലിട്ട നാട്യമണ്ഡപം യാഥാര്‍ത്ഥ്യമായതോടെ പരിശീലനം നാട്യമണ്ഡപത്തിലായി. പരമ്പരാഗതമായ കലകള്‍ പ്രോത്സാഹിപ്പിക്കുവാനുള്ള പരിശീലനക്കളരികള്‍ വളരെ വിരളമായിരുന്ന കാലഘട്ടത്തിലായിരുന്നു ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ സ്ഥാപനം. 1995ല്‍ വേങ്ങൂര്‍ നായരങ്ങാടിയിലാണ് ആദ്യ പരിശീലന കേന്ദ്രത്തിന് തുടക്കമിടുന്നത്. പിന്നീട് അത് വളര്‍ന്ന് ഇപ്പോള്‍ 13 കേന്ദ്രങ്ങള്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലുണ്ട്. പൈതൃക കലകളെ പ്രോത്സാഹിപ്പിക്കുക എന്നൊരു മഹത്തായ ലക്ഷ്യവും ഈ സ്കൂളിനുണ്ട്. തുടര്‍ന്നുള്ള ഈ രണ്ടര പതിറ്റാണ്ട് കാലം കലയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു സുധയുടേത്.
ശാസ്ത്രീയ നൃത്തങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ശ്രീശങ്കര നൃത്തസംഗീതോത്സവമെന്ന വലിയ നൃത്തോത്സവത്തിന് കാലടി വേദിയാകുന്നത്.
മഹാനഗരങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വലിയ നൃത്തോത്സവം അതിന്റെ എത്രയോ മടങ്ങ് ജനപങ്കാളിത്തത്തോടെ ലോകപ്രസിദ്ധ കലാകാരികളെ അണിനിരത്തി കാലടിയില്‍ സംഘടിപ്പിക്കുവാനായി എന്നത് വലിയ അത്ഭുതം തന്നെയായിരുന്നു. നൃത്തോത്സവത്തില്‍ നൃത്തം അവതരിപ്പിക്കുവാനെത്തിയ ലോകപ്രസിദ്ധ കലാകരാനായ നാട്യാചാര്യന് വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും ഇവിടുത്തെ സംഘാടക മികവും ജനപങ്കാളിത്തവും എല്ലാത്തിനുമുപരി സംസ്കാരമുള്ളവരായി ഗുരുകുല സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥിനികളെ വാര്‍ത്തെടുക്കുന്ന ശൈലിയും കണ്ട് സുധയെയും പീതാംബരനെയും അഭിനന്ദിക്കുകയുണ്ടായി.
ഇവിടുത്തെ നൃത്തോത്സവത്തോടുള്ള താത്പര്യം കൊണ്ട് പലതവണ ഇവിടെ വരികയും ചെയ്തിരുന്നു. പത്മാ സുബ്രഹ്മണ്യത്തെ കൂടാതെ രമാ വൈദ്യനാഥന്, കലാമണ്ഡലം ക്ഷേമാവതി, സ്വപ്നസുന്ദരി, ഡോ. അലേഖ്യ പൂഞ്ചേല, മേതില്‍ ദേവിക, ഐശ്വര്യ വാര്യര്‍, ഗോപികാവര്‍മ്മ, മാളവിക സരൂക്കായ്, ഭാരതി ശിവജി, ഡോ.ഗീതാചന്ദ്രന്‍, മണിചിത്രത്താഴ് ഫ്രെയിം ശ്രീധര്‍, അനുരാധ ശ്രീധര്‍, ഡോ.നീനാ പ്രസാദ്, ഡോ, വസുന്ധര ദൊരൈ സ്വാമി, പ്രിയദര്‍ശിനി ഗോവിന്ദ് തുടങ്ങി ലോകപ്രശസ്തരായ നിരവധി നര്‍ത്തകിമാര്‍ നൃത്തോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആറാമത് നൃത്തോത്സവം കഴിഞ്ഞവര്‍ഷം കാലടിയില്‍ അരങ്ങേറി.
രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഈ നൃത്തോത്സവം ജനപങ്കാളിത്തത്തോടെയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നൃത്തോത്സവമായി മാറിക്കഴിഞ്ഞു. ഓരോ നൃത്ത സംഗീതോത്സവത്തിലും ഏകദേശം അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റമാണ് നടക്കുന്നത്. കഥകളി ആസ്വാദനക്കളരികള്‍, പഠന ശിബിരങ്ങള്‍ എന്നിവയൊക്കെയും ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് നടത്താറുണ്ട്.
ഒരു കലാകേന്ദ്രത്തില്‍ ആദ്യമായി പിടിഎ സംഘടിപ്പിക്കുന്നതും ഇവരാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കളിലും നൃത്തത്തെപ്പറ്റിയും കലാരൂപങ്ങളെപ്പറ്റിയും അവബോധമുണ്ടാക്കുവാനുള്ള നിരവധി പരിശീലനങ്ങളാണ് ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിച്ചുവരുന്നത്. ആചാര്യന്മാരെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘ശങ്കരം ലോക ശങ്കരം’, ‘ഗുരുദേവ ചരിതം ഒരു നാട്യഭാക്ഷ്യം’ ‘ശ്രീകൃഷ്ണ കഥാമൃതം’ തുടങ്ങിയ മെഗാ നൃത്ത പരിപാടികള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടവയാണ്. ശിവഗിരി ഉള്‍പ്പടെയുള്ള വേദികളില്‍ ഇവ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
നൃത്തത്തിലൂടെ ഈശ്വരനെയാണ് നാം കാണ്ടെത്തുന്നതെന്ന് സുധാ പീതാംബരന് പറയുമ്പോള്‍ അവരുടെ കണ്ണുകളിലും ഭക്തി നിറയുന്നു. ഈശ്വരാര്പ്പണമില്ലാതെ കലപൂര്ണ്ണമാകില്ല. ചെറുപ്രായത്തില്‍ത്തന്നെ ഗുരുവിനെ കണ്ടെത്തി അതിലൂടെ വളരണം. നൃത്തത്തിന്റെ പൂര്ണ്ണതയെത്തുന്നതോടെ ഈശ്വരനെയാണ് നാം ദര്‍ശിക്കുന്നതും. ശ്രീകൃഷ്ണന്റെ മുരളീഗാനത്തില്‍ ഗോപികമാരോടൊത്തുള്ള നൃത്തത്തില്‍ അങ്ങനെ നൃത്ത പ്രിയനായ ലോകത്തെ ഏറ്റവും വലിയ നര്‍ത്തകനില്‍ അലിഞ്ഞുചേരുവാനാണ് ആഗ്രഹിക്കുന്നത്.
ഗുരുവായൂരപ്പന് സമര്‍പ്പണമായിട്ടാണ് ‘ശ്രീകൃഷ്ണായ നമ’ സുധ രംഗത്ത് അവതരിപ്പിക്കുന്നത്. മേല്‍പ്പത്തൂരിന്റെയും പൂന്താനത്തിന്റെയും കഥ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെ നിഷ്കളങ്കമായ ഭക്തിയാണ് ഭഗവാന് പ്രിയപ്പെട്ടതെന്നും നമുക്ക് കാട്ടിത്തരുന്നു. സാക്ഷാല്‍ ഗുരുവായൂരപ്പ ദര്‍ശനത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് സുധ ഇതിലൂടെ. അതുകൊണ്ട് തന്നെ ഏറെ ജനപ്രിയമായ ‘ശ്രീകൃഷ്ണായ നമ’ കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി 34വേദികളില്‍ അവതരിപ്പിച്ചുകഴിഞ്ഞു. സുധയുടെ ഗുരുവായ പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണനാണ് ഇത് ചിട്ടപ്പെടുത്തിയത്.
ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ക്കിടാവോ എന്ന താരാട്ട് പാട്ടിന്റെ മോഹിനിയാട്ടവും ഏറെ ജനപ്രിയമാണ്. അനുവാചകരെ മാതൃവാത്സല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഈ നൃത്തം കലാമണ്ഡലം ക്ഷേമാവതി ടീച്ചറാണ് ചിട്ടപ്പെടുത്തിയത്. തന്റെ വളര്‍ച്ചയില്‍ ക്ഷേമാവതി ശിക്ഷണം ഏറെ പ്രധാനമായിരുന്നുവെന്ന് നന്ദിയോടെ സുധ സ്മരിക്കുന്നു. ടീച്ചറോട് വെറുതെ സംസാരിക്കുമ്പോള്‍ തന്നെ കൂടുതല്‍ കൂടുതല്‍ അറിവാണ് ലഭിക്കുന്നത്.
മോഹിനിയാട്ടത്തിലെ സുധയുടെ നൂതന പരീക്ഷണമായിരുന്നു കാളിയെ വര്‍ണ്ണിക്കുന്ന ശക്തിത്രയേശ്വരി. സാധാണ ശൃംഗാരമാണ് മോഹിനിയാട്ടത്തിലെങ്കിലും ഇവിടെ കാളിയുടെ വര്‍ണ്ണനക്കാണ് പ്രാധാന്യം. ചണ്ഡമുണ്ടാസുരന്മാരെ നിഗ്രഹിക്കുന്നതുള്പ്പടെ 20 മിനുട്ട് നീളുന്നതാണ് ശക്തിത്രയേശ്വരി. പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണനാണ് ചിട്ടപ്പെടുത്തിയത്.
നൃത്തവേദിയില്‍ രജതജൂബിലി ആഘോഷിക്കുമ്പോഴും 34വര്‍ഷമായുള്ള നൃത്തപഠനം ഇപ്പോഴും തുടരുകയാണ്. നല്ലൊരു നര്‍ത്തകിക്ക് കൂടുതല്‍ കൂടുതല്‍ പഠിക്കാനുള്ള മനസ്സാണ് വേണ്ടതെന്നാണ് സുധയുടെ അഭിപ്രായം. നാട്യശാസ്ത്ര പണ്ഡിതനായ പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്റെ കീഴിലാണ് നൃത്തത്തിലെ പുതിയ പരീക്ഷണങ്ങള്‍. ഇത് വളരെ വ്യത്യസ്തമാണ്. കഥകളിയിലെ ചുഴിപ്പുകള്‍ മോഹിനിയാട്ടത്തിലും കൊണ്ടുവന്നതോടെ നൃത്തം വളരെ വ്യത്യസ്തമാക്കുവാനും ഉയര്‍ന്ന തലത്തില്‍ എത്തിക്കുവാനും സാധിച്ചതായി സുധ പറഞ്ഞു.
നൃത്തത്തിലെ വളരെ ചെറിയ കാര്യങ്ങള്‍വരെ ചൂണ്ടിക്കാണിച്ച് തരുന്നതിലൂടെ നൃത്തത്തെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സാധിക്കാറുണ്ട്. നാല് മണിക്കൂര്‍ വരെ ഈ പരിശീലനം നീളാറുണ്ട്.
നല്ല ഗുരുക്കന്മാരെ കിട്ടുകയെന്നതുതന്നെ ദൈവാനുഗ്രഹമാണ്. നൃത്തം പഠിക്കാന്‍ തുടങ്ങിയാല്‍ മുടങ്ങാതെ മുന്നോട്ടുകൊണ്ടു പോകണം. നല്ല ക്ഷമ വേണം. അതുണ്ടായാല്‍ മാത്രമെ മുന്നോട്ട് പോകുവാനാകുകയുള്ളു. എല്ലാം ഈശ്വരാര്‍പ്പണമായി കാണണം. ദൂരദര്ശന് എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് സുധാ പീതാംബരന്. ദല്‍ഹിയിലെ ഐസിസിആര്‍ ആര്‍ട്ടിസ്റ്റു കൂടിയായ സുധയുടെ നൃത്തം ദേശീയ ശൃംഖലയില്‍ നിരവധി തവണ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: