പാവറട്ടി: തീരദേശ മേഖലകളില്‍ അനധികൃത ചെമ്മീന്‍ കുഞ്ഞ് വേട്ട വ്യാപകമായതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായി. ചെമ്മീന്‍ കുഞ്ഞുങ്ങളെ അരിച്ചെടുക്കുവാന്‍ കൊതുകുവല പോലുള്ള വലകളാണ് ഉപയോഗിക്കുന്നത്. ഈ വലയില്‍ പുഴയിലെ മറ്റു മത്സ്യങ്ങളും അകപ്പെടുന്നു. മറ്റു മത്സ്യങ്ങളെ ചെമ്മീന്‍ കുഞ്ഞുങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്തു കളയുകയാണ് ചെയ്യുന്നത്.
പുഴയിലെ കണമ്പ്, പ്രായി, പൂവാന്‍, ഏട്ട തുടങ്ങിയ അമ്പതോളം മത്സ്യകുഞ്ഞുങ്ങള്ക്കാണ് നാശം ഉണ്ടാകുന്നത്. കുണ്ടുവക്കടവ്, കാളാനി, മുനയ്ക്കകടവ്, ചേറ്റുവ, വെന്മേനാട് എന്നിവിടങ്ങളിലാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെ വ്യാപകമായി വേട്ടയാടുന്നത്. പുഴയിലെ മറ്റു മത്സ്യങ്ങള്‍ക്കും ഇതു ഭീഷണിയായതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.
വെള്ള ചെമ്മീന്‍ അഥവാ നാരന്‍ ചെമ്മീന്‍ കുഞ്ഞുങ്ങളെയാണു വന്‍കിട ഏജന്റുമാര്‍ വില്പന നടത്തുന്നത്. തെക്കന്‍ ജില്ലകളിലേക്കാണ് ഇവ പ്രധാനമായി കയറ്റി അയക്കുന്നത്. ചെമ്മീന്‍ വേട്ട വ്യാപകമായതോടെ ചെമ്മീനുകളുടെയും മറ്റു മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണു നാരന്‍ ചെമ്മീനുകളുടെ അളവ് വര്‍ധിക്കുന്നത്.
ചെമ്മീന്‍ കുഞ്ഞുവേട്ട ഫിഷറീസ് വകുപ്പ് അധികൃതര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വ്യാപകമാവുകയാണ്. പോലീസിന്റെ താക്കീതിനും വിലയില്ലാത്ത അവസ്ഥയാണ്. മത്സ്യസമ്പത്തു വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ കനോലി കനാലിലും മറ്റും ലക്ഷങ്ങള്‍ ചെലവിട്ട് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ മറുഭാഗത്തു നടക്കുന്ന വേട്ടയ്ക്കുനേരെ കണ്ണടയ്ക്കുകയാണെന്നു തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: