ചേര്‍ത്തല: ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ അളവുതൂക്ക നിയമലംഘനത്തിന്റെ പേരില്‍ 223 കേസുകളിലായി പിഴയടക്കം മുപ്പത്തിയൊന്ന് ലക്ഷത്തി ഒന്‍പതിനായിരം രൂപ ഈടാക്കി. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമപരമായ പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തിയതിനും പാക്കര്‍ രജിസ്ട്രേഷനില്ലാതെ ഉത്പ്പന്നങ്ങള്‍ പാക്ക് ചെയ്തതിനും, പായ്ക്കറ്റിലെ വില മായ്ച്ചും അമിതവില ഈടാക്കിയതിനും തൂക്കത്തില്‍ കൃത്രിമം കാണിച്ചതിനും, ബില്ലില്‍ തെറ്റായ അളവ് രേഖപ്പെടുത്തിയതിനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്.
200 ഗ്രാമിന്റെ റസ്ക്ക് പായ്ക്കറ്റില്‍ തൂക്കക്കുറവുണ്ടെന്ന പരാതിയില്‍ നടത്തിയ പരിശോധനയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ റസ്ക്ക് കമ്പനിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി. ജൂവലറി, ബേക്കറി, പഴം, പച്ചക്കറി കടകളില്‍ മുദ്ര കാലാവധി കഴിഞ്ഞ അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
പാചകവാതക സിലിണ്ടര്‍ വിതരണകേന്ദ്രങ്ങളില്‍ സിലിണ്ടറിന്റെ തൂക്കം ഉറപ്പാക്കാന്‍ വിതരണക്കാരന് സൂക്ഷിക്കേണ്ട ത്രാസ് സൂക്ഷിക്കാതിരുന്നവരില് നിന്നും പിഴയീടാക്കിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ കെ.വി. യൂജിന്‍ പസില്‍, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റുമാരായ എസ്. പ്രേംകുമാര്‍, കെ.പി. സജി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: