നിഴലുകള്‍, നിഴലുകള്‍ കൂടെയുണ്ടിരവെന്നു
ഓര്മ്മപ്പെടുത്തുന്നൊരിരുള് മേഘ വര്‍ണ്ണങ്ങള്‍!
ചിതറിപ്പരക്കുന്ന നിഴലിരുള്‍ തോഴിമാര്
നീളുന്നു, കുറുകുന്നു നിരതെറ്റി നില്ക്കുന്നു,
തമ്മില്‍ പുണര്ന്നുമുരുമ്മിയും കൈകോര്‍ത്തും
മനസ്സിന്റെ സ്പര്ദ്ധയെ നോക്കിച്ചിരിക്കുന്നു!
നിഴലുകള്‍ നേര്‍ത്ത നിലാവെളിച്ചത്തിലും
രതിഭാവമാര്ന്നു പുണര്ന്നേയിരിക്കുന്നു!
കൂട്ടാരുമില്ലാത്ത യാത്രയില്‍പോലും ഒരു
ചങ്ങാതിപോല് തന്മെയ്ചേര്ന്നു നടക്കുന്നു!
ഇല്ല ഭേദങ്ങള്‍ നിഴല്ചിത്ര വര്‍ണ്ണത്തില്‍
ഇല്ല നിറക്കൂട്ട് വേഷപ്പകര്‍ച്ചയില്‍!
ജീവിത നാടക നിഴലാട്ട വേദിയില്‍
മുന്നില്‍ നീ നിന്നുഹസിപ്പൂ ചിലനേരം
പിന്നില്‍ നീ വന്നു രസിപ്പൂ മറുനേരം,
പാര്‍ശ്വേ പതുങ്ങി പതുങ്ങിപ്പലനേരം ,
താഴത്തു കുഞ്ഞായിണങ്ങിയൊരു നേരം,
*നിഴല്കുത്തിലൊന്നും പരുങ്ങാതെയെപ്പോഴും
നീയുണ്ട് കൂടെയിന്നെന് കൂടെ നിന് കൂടെ
ഇരുളൂണ്ട് കൂടെയെന്നോര്മ്മപ്പെടുത്തി
ഇന്നെന്കൂടെ നിന്കൂടെ സഹചാരിയായിചിരം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: