മാവേലിക്കര: ചെട്ടികുളങ്ങരയില്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. സിപിഎം ചെട്ടികുളങ്ങരകിഴക്ക് ലോക്കല്‍ കമ്മറ്റിയിലെ 11 അംഗങ്ങള്‍ രാജിവച്ചതിനു പിന്നാലെ 14 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചു. ഏരിയ കമ്മിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. കൊയ്പ്പള്ളി കാരാഴ്മ ബ്രാഞ്ച് സെക്രട്ടറിമാരായ വാസവന്, ജയനാഥ്, സോമന്, മനോജ്, കോയിക്കത്തറ ബ്രാഞ്ച് സെക്രട്ടറിമാരായ വിജയന്, അയ്യപ്പന്, രാധാകൃഷ്ണപിള്ള, സനോജ്, കാരിക്കുളങ്ങര ബ്രാഞ്ച് സെക്രട്ടറിമാരായ അശോകന്, ഹരികുമാര്‍, മേനാമ്പളളി സെക്രട്ടറി പത്മകുമാരി, നടയ്ക്കാവ് സെക്രട്ടറി രാജു, എട്ടാം വാര്‍ഡ് സെക്രട്ടറി അമ്പിളി, പരുമല ബ്രാഞ്ച് സെക്രട്ടറി ബാലന് എന്നിവരാണ് രാജിവച്ചത്.
മേനാമ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. പ്രസിഡന്റു സ്ഥാനത്തേക്ക് ഏരിയ കമ്മറ്റി അഡ്വ. കെ.പി. അനിലിന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ ലോക്കല്‍ കമ്മറ്റിയാകട്ടെ ഡി. ശശിധരന്റെ പേരാണ് മുന്നോട്ടുവച്ചത്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ലോക്കല്‍ കമ്മറ്റിയും ശശിധരനെ പിന്തുണച്ചെങ്കിലും അനിലിനെ പ്രസിഡന്റാക്കണമെന്ന നിലപാടില്‍ ഏരിയ കമ്മറ്റി ഉറച്ചു നിന്നു.
ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് 11 ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ രാജിവച്ചത്. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ആകെയുളള 18 ബ്രാഞ്ചു സെക്രട്ടറിമാരില്‍ 14 പേരും രാജിവച്ചത്. ഇവരെല്ലാം വിഎസ് പക്ഷത്തു നിന്നുള്ളവരാണ്. ഇതോടെ ചെട്ടികുളങ്ങരയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യമായ ഏറ്റുമുട്ടലിലേക്ക് വന്നിരിക്കുകയാണ്.
ചെട്ടികുളങ്ങര പടിഞ്ഞാറ് ലോക്കല്‍ കമ്മറ്റിയിലും വിഭാഗീയത ശക്തമായിരിക്കുകയാണ്. ഇവിടെയും ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ രാജിയ്ക്ക് തയ്യാറെടുക്കുകയാണ്. ചാരുംമൂട്ടില്‍ ജില്ലാ സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സമീപ പ്രദേശമായ ചെട്ടികുളങ്ങരയില്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: