കണ്ണൂര്‍: കണ്ണൂര്‍ ഡിഎസ്സി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 28 ന് കണ്ണൂരില്‍ നടക്കുന്ന വിമുക്തഭട സംഗമത്തില്‍ മൂവായിരത്തോളം പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേണല്‍ പി.പത്മനാഭന്, മേജര്‍ തമ്പാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാര്, വീരാംഗനമാര്‍, സൈനികരുടെ വിധവമാര്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കമാന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ ജഗ്ബീര്‍ സിങ് മുഖ്യാതിഥിയാകും.
യുദ്ധത്തിലും തീവ്രവാദി വിരുദ്ധ സൈനിക നടപടികളിലും വീരമൃത്യു വരിച്ചവരുടെ ഭാര്യമാരായ 18 വീരാംഗനമാരാണ് ജില്ലയിലുള്ളത്. ഇവരെ പ്രത്യേക വാഹനങ്ങളിലായിരിക്കും സംഗമത്തിലേക്ക് എത്തിക്കുക. മറ്റുള്ളവര്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും പ്രത്യേക വാഹനങ്ങളും സജ്ജീകരിക്കും.
പെന്ഷന്, ആരോഗ്യപരിപാലനം, കാന്റീന് സര്‍വീസ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ എന്നിവ സംബന്ധിച്ച ബുദ്ധിമുട്ടുകളും പരാതികളും പരിഹരിക്കുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി വിവിധ സേനാവിഭാഗങ്ങളുടെ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ തൊഴില്‍ സാധ്യത സംബന്ധിച്ച കാര്യങ്ങളിലും സ്വയംതൊഴില്‍ സഹായങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദേശം നല്‍കാനുള്ള കൗണ്ടറുകളും സജ്ജീകരിക്കും. സംഗമം നടക്കുന്ന സെന്റ് മൈക്കിള്‍സ് സ്കൂളില്‍ ഇത്തരത്തിലുള്ള 30 സ്റ്റാളുകളാണ് ഉണ്ടാവുക.രാവിലെ 8 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: