തൃപ്പൂണിത്തുറ: ഓപ്പറേഷന് കുബേര റെയ്ഡുകള്‍ ജില്ലയില്‍ തണുത്തതോടെ തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ബ്ലേഡുമാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായി. പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും ഒത്താശയിലാണ് ഇവര്‍ സജീവമാകുന്നത്.
കഴിഞ്ഞദിവസം എരൂര്‍ പിഷാരി കോവിലിന് സമീപം അമ്മിണിയമ്മ എന്ന സ്ത്രീ ആത്മഹത്യ ചെയ്യാന്‍ ഇടയായതിനു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അമ്മിണിയമ്മയുടെ മകന് ഗിരീഷ് ബാബു പലരുടെയും പക്കല്‍നിന്നും പലിശയ്ക്ക് പണം വാങ്ങി മറിച്ചുകൊടുക്കാറുണ്ടായിരുന്നു. മരട് തൃപ്പൂണിത്തുറ ഭാഗത്തുള്ള സിപിഎമ്മിന്റെ ഉന്നതനേതാക്കളുടെ ഭീമമായ അഴിമതി പണം കൈകാര്യം ചെയ്തിരുന്നത് ഗിരീഷ് ബാബു ആയിരുന്നു.
പാര്‍ട്ടി നേതാക്കന്മാരുടെ പ്രേരണയില്‍ മരട് ഭാഗത്ത് നിരവധി ആള്ക്കാര് സഹകരണബാങ്കില്‍ വസ്തു പണയം വച്ച് പണം ഗിരീഷ് ബാബുവിനെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു.
ഗിരീഷ് ബാബു രണ്ടുദിവസം മുമ്പ് ഈ പണവുമായി നാടുവിട്ടപ്പോള്‍ ഈ പണം തിരിച്ചുകൊടുക്കേണ്ട ബാധ്യത പാര്‍ട്ടി നേതാക്കന്മാര്ക്കായി. ഇതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഗിരീഷ് ബാബുവിന്റെ എരൂരുള്ള വീട്ടില്‍ ഗുണ്ടകള്‍ ദിവസേന ചെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി.
പല ദിവസങ്ങളും വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുവാനും കത്തിക്കുവാനും ശ്രമിക്കുകയുണ്ടായി. പരാതിയുമായി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ എത്തിയ അമ്മിണിയമ്മയ്ക്ക് ഉന്നതന്മാരുടെ ഇടപെടല്‍ മൂലം നീതി ലഭിച്ചില്ല. അവസാനം അമ്മിണിയമ്മ മരണത്തെ അഭയംപ്രാപിച്ചപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. അമ്മിണിയമ്മയുടെ സംസ്കാര സമയത്ത് മരടിലെ സിപിഎമ്മിന്റെ ഉന്നതനേതാക്കന്മാരുടെ സാന്നിദ്ധ്യം നാട്ടുകാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: