ചങ്ങനാശേരി: ക്രിസ്മസ്,ചന്ദനക്കുടം, ചിറപ്പ്, പുഷ്പമേള, പുതുവത്സരാഘോഷങ്ങള്‍ക്ക് നാടും നഗരവുമൊരുങ്ങി, ഇനിയുള്ള നാളുകള്‍ ചങ്ങനാശേരിയുടെ ഉത്സവകാലമാണ്. കാവില്‍ ക്ഷേത്രത്തിലെ ചിറപ്പുത്സവവും, പുതൂര്പള്ളിയിലെ ചന്ദനക്കുടദേശീയ ആഘോഷവും മെത്രാപോലീത്തന്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷവും പുഷ്പമേളയും കൂടിയാകുമ്പോള്‍ നാടും നഗരവും ഉത്സവതിമിര്‍പ്പിലാകും. തിരുപ്പിറവിയുടെ വരവറിയിച്ച് വീടുകളിലെല്ലാം നക്ഷത്രവിളക്കുകള്‍ തെളിഞ്ഞു തുടങ്ങി. ക്രിസ്മസ് വിപണി ഉണര്‍ന്നുകഴിഞ്ഞു. നക്ഷത്രവിളക്കുകള്‍, പുല്ക്കൂടുകള്, ഉണ്ണിയേശുവും മാലാഖമാരുമെല്ലാമുള്പ്പെടുന്ന രൂപങ്ങള്‍, പൂത്തിരികള്‍ എന്നിവയുടെ വിപണി സജീവമായി.
പുതൂര്‍പ്പള്ളി ചന്ദനക്കുട ദേശീയാഘോഷം 25, 26 തീയതികളില്‍ നടക്കും. 25 ന് വൈകുന്നേരം നാലിന് മദ്റസത്തുല്‍ ഇസ്ലാമിയ അങ്കണത്തില്‍ മന്ത്രി രമേശ് ചെന്നിത്തല 213-ാമത് ചന്ദനക്കുടം ആഘോഷം ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എസ്.എം ബഷീര്‍ അധ്യക്ഷത വഹിക്കും. സി.എഫ് തോമസ് എം.എല്‍.എ മാനവമൈത്രി സന്ദേശം നല്‍കും. തുടര്‍ന്ന് പുതൂര്‍പ്പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് നഗരസഭ, പഴയപള്ളിജമാഅത്ത്, പുഴവാത് കാവില്‍ ഭഗവതീക്ഷേത്രം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വരവേല്പ് നല്‍കും. രാത്രി 11-ന് ചന്ദനക്കുടം ഘോഷയാത്ര പുതൂര്‍പ്പള്ളിയില്‍ തിരിച്ചെത്തും. രണ്ടാം ദിസമായ 26-ന് രാവിലെ ഏഴിന് ഇരൂപ്പയില് നിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം മൂന്നിന് ചന്തക്കടവ് മൈതാനത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് ചങ്ങനാശേരി പോലീസ് സ്റ്റേഷന്, മെത്രാപ്പോലീത്തന്‍പള്ളി, കവല ജങ്ഷന് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കരിമരുന്ന് പ്രയോഗത്തോടെ സമാപിക്കും. ജമാഅത്ത് പ്രസിഡന്റ് പി.എസ് മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് ഇമാം ഷരീഫ്, സെക്രട്ടറി എന്‍.ഹബീബ്, ജോയിന്റ് സെക്രട്ടറി ഇബ്രാഹിംകുട്ടി, ട്രഷറര്‍ ഹനീഷ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കും.
കാവില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 24 ന് രാവിലെ 10ന് ഉത്സവബലി, 7.30 ന് നൃത്തനൃത്യങ്ങള്‍. 25 ന് നാലിന് ഓട്ടന്തുള്ളല്, 7 ന് ചന്ദനക്കുടത്തിന് സ്വീകരണം. ഡിസംബര്‍ 26ന് രാവിലെ 10 ന് ഉത്സവബലി, 12.30 ന് മഹാപ്രസാദമൂട്ട്, 9 മണിക്ക് കോമഡി ഷോ, 27 ന് വൈകുന്നേരം മൂന്നിന് ഇരുകോല് പഞ്ചാരിമേളം-മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും, 3.15 ന് കുടമാറ്റം, ആറിന് കൊടിയിറക്ക്, 6.15 ന് ആറാട്ട് പുറപ്പാട്, ഏഴിന് ആറാട്ട് വരവ്, 10.30 ന് ആറാട്ടുവരവേല്പ്, 12ന് വെടിക്കെട്ടോടെ ഉത്സവം സമാപിക്കും.
സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം കണ്‍വന്‍ഷനോടുകൂടി തുടക്കം കുറിച്ചു. 24 ന് 4 മുതല്‍ ക്രിസ്മസ് ട്രീ മത്സരം. 24 ന് രാത്രി 11.45 മുതല്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. 25 ന് ക്രിസ്മസ് ദിനത്തില്‍ രാവിലെ 5.30, 7.00, 8.30 വിശുദ്ധ കുര്‍ബാന. ഡിസംബര്‍ 25, 6.30 ന് യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ കരോള്‍ ഗാന മത്സരം, ക്രിസ്മസ് നൈറ്റി എന്നിവ നടത്തും. 31 ന് വൈകിട്ട് 7 ന് ആരാധന. ജനുവരി 1 രാവിലെ 5 നും 7നും വൈകുന്നേരം 5നും വിശുദ്ധ കുര്‍ബാന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: