കൊല്ലം: ഐആര്‍ഇ മാനേജ്മെന്റിന്റെ നീതിനിഷേധത്തിനെതിരെ പ്രവൃത്തിദിനങ്ങളില്‍ കമ്പനിപ്പടിക്കല്‍ റിലേ നിരാഹാരം നടത്തുമെന്ന് തൊഴിലാളിസംഘടനകളുടെ സംയുക്തവേദി. വെള്ളനാതുരുത്ത്, പൊന്മന മൈനിങ് സൈറ്റില്‍ പണിയെടുക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും സമരസമിതി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.വി.വി.ശശീന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കമ്പനിയുടെ വെള്ളനാതുരുത്ത്, പൊന്മന മൈനിങില്‍ 1993 മുതല്‍ പണിയെടുക്കുന്നത് 240 സിവില്‍ ഫോറം ജീവനക്കാരാണ്.
ജില്ലാഭരണകൂടത്തിന്റെയും ഐആര്‍ഇയുടെയും തീരുമാനപ്രകാരമാണ് ഇവരെ കമ്പനി ജോലിക്കായി നിയോഗിച്ചത്. കമ്പനിക്കാവശ്യമായ അസംസ്കൃത മണല്‍ ശേഖരിച്ച് ടിപ്പറില്‍ ലോഡ് ചെയ്യുന്നത് ഈ വിഭാഗം തൊഴിലാളികളാണ്. ഒരു തൊഴിലാളി ഒരു ദിവസം 4.1 ടണ്‍ അസംസ്കൃത മണല്‍ ലോഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. കമ്പനിയിലുണ്ടാകുന്ന ഒഴിവുകളില്‍ ഇവരെ നിയമിക്കണമെന്ന വ്യവസ്ഥയിലായിരുന്നു നിയമനം.
ഐആര്‍ഇ മൈനിങ് സിവില്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോറം വഴിയാണ് വേതനം വിതരണം ചെയ്യുന്നത്. ഫോറത്തിന്റെ പ്രസിഡന്റ് ഐആര്‍ഇ ചവറയുടെ യൂണിറ്റ് തലവനാണ്. സെക്രട്ടറി കമ്പനി നിയമിക്കുന്ന ഉദ്യോഗസ്ഥനും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്ക്കനുബന്ധിച്ച് കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ത്രികക്ഷികരാര്‍ നിലവിലുണ്ട്.
തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നുള്ള ആവശ്യമുയര്‍ത്തി നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. 2011 ഡിസംബര്‍ ആറിന് മുഖ്യമന്ത്രി, തൊഴില്‍, വ്യവസായവകുപ്പ് മന്ത്രിമാരുടെയും കേന്ദ്രമന്ത്രിയായിരുന്ന കെ.സി.വേണുഗോപാല്‍, സി.ദിവാകരന് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വര്‍ഷത്തില്‍ മുന്നൂറില്പരം ദിവസം ജോലിചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നതായി നേതാക്കള്‍ പറഞ്ഞു. ഇതിനായി തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തി.
എന്നാല്‍ ഒന്നും നടക്കാത്തതിനെ തുടര്‍ന്ന് 2012 ജൂണ്‍ 25ന് മുഖ്യമന്ത്രി വീണ്ടും യോഗം വിളിക്കുകയും സ്ഥിരപ്പെടുത്തല്‍ നടപടി മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതും നടന്നില്ല. 2013 ഒക്ടോബര്‍ 24ന് കേന്ദ്രതൊഴില്‍ സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് യോഗം വിളിച്ച് മൂന്നുമാസത്തിനകം തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര അസി.ലേബര്‍ കമ്മീഷണര്‍ കണ്‍വീനറായി ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ജൂണ്‍ 16 മുതല്‍ മൈനിങ് പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. ഖനനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും താഴ്ചയില്‍ കടവില്‍ രൂപം കൊണ്ട പൊഴിയുമാണ് അതിനു കാരണമായത്. നിലവിലുള്ള ത്രികക്ഷി കരാര്‍പ്രകാരം തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലാതെ പണി നടക്കാതെ വന്നാല്‍ അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും പകുതിയും മറ്റാനുകൂല്യങ്ങളും നല്‍കണം.
ഇത് വര്‍ഷത്തില്‍ 245 ദിവസത്തേക്ക് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ഈ തീരുമാനം നിലനില്‍ക്കവെ ഒക്ടോബര്‍ 23 മുതല്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് ഐആര്‍ഇ നോട്ടീസ് ഇട്ടിരിക്കുകയാണ്.
245 ദിവസത്തെ ശമ്പളത്തിന്റെ സ്ഥാനത്ത് 107 ദിവസത്തെ ശമ്പളമാണ് നല്‍കിയതെന്നും നേതാക്കള്‍ പറയുന്നു. ഇതിനെതിരെ കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ ഐആര്‍ഇക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കൃഷ്ണന് കടവത്ത്, ശ്യാംസുന്ദര്‍, സൈജു, സനല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: