ആലപ്പുഴ: ക്ഷീരമേഖല സജീവമായതിനാല്‍ സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന പാലിന്റെ അളവില്‍ കാര്യമായ കുറവുണ്ടായെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ജില്ലാ ക്ഷീരസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴു മുതല്‍ എട്ടു ലക്ഷം ലിറ്റര്‍ വരെ പാല് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്നിരുന്ന സ്ഥാനത്ത് പാല് വില വര്‍ധിപ്പിച്ചതിനു ശേഷം ഇപ്പോള്‍ ഒന്നോ രണ്ടോ ലക്ഷം ലിറ്റര്‍ മാത്രമേ കൊണ്ടുവരുന്നുള്ളൂ. അതിനര്‍ത്ഥം പാലുത്പാദനം കൂടിയെന്നാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ക്ഷീര സഹകരണസംഘങ്ങളിലൂടെയുള്ള പാല് സംഭരണം 2013-14ല്‍ 2.78 കോടി ലിറ്ററായിരുന്നത് 13.75 ശതമാനം വര്‍ദ്ധിച്ച് 3.16 കോടി ലിറ്ററായി. കഴിഞ്ഞ വര്‍ഷം മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം കേരളത്തിനു പുറത്തുനിന്ന് 368 കറവമാടുകളെ ജില്ലയിലെത്തിച്ച് കര്‍ഷകര്‍ക്ക് 121.61 ലക്ഷം രൂപ ധനസഹായവിതരണം നടത്തി. ക്ഷീരസംഘങ്ങളുടെ നവീകരണപദ്ധതി പ്രകാരം ഒമ്പത് സംഘങ്ങള്‍ക്ക് 3.75 ലക്ഷം രൂപ വീതവും ഓഫീസ് കെട്ടിടം പണിയുന്നതിനും മറ്റുമായി രണ്ടു സംഘങ്ങള്‍ക്ക് 5.25 ലക്ഷം രൂപവീതവും ധനസഹായം അനുവദിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകപെന്‍ഷന്‍ 500 രൂപയാക്കിയതും സര്‍ക്കാറിന്റെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കെ. ഷേണായിയെ മന്ത്രി ആദരിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്മാന് ജോണ്‍ ജേക്കബ് വള്ളക്കാലില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: