കുണ്ടറ: കോണ്‍ഗ്രസ് ഉപരോധസമരത്തിന്റെ പേരില്‍ ജോലി ചെയ്യാതെ മടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പെരിനാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞദിവസം രാവിലെ കോണ്‍ഗ്രസ് പഞ്ചായത്തില്‍ കരം കൂട്ടിയതില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയിരുന്നു. രാവിലെ പഞ്ചായത്തിലേക്ക് ജീവനക്കാരെ കയറ്റാതെയായിരുന്നു സമരം.
പിന്നീട് അഞ്ചാലുംമൂട് പോലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. സമരം അവസാനിച്ചപ്പോള്‍ സ്വഭാവികമായി ജോലിക്കു ഹാജരാകേണ്ട ഉദ്യോഗസ്ഥര്‍ അവസരം മുതലേടുത്ത് അവധി പോലുമെടുക്കാതെ തിരികെ വീട്ടിലേക്ക് മടങ്ങി. മറ്റു ചിലര്‍ സിപിഎം ഏരിയാസമ്മേളനത്തിലുമെത്തി. സമരം അവസാനിച്ചപ്പോള്‍ പഞ്ചായത്തില്‍ ഓരോ ആവശ്യത്തിനുവന്ന സാധാരണക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു. സമരം അവസാനിപ്പിച്ച് കോണ്‍ഗ്രസുകാര്‍ മടങ്ങിയിട്ടും പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യാനോ തുറക്കാനോ പ്യൂണ്‍ പോലുമില്ലാത്ത അവസ്ഥ.
പ്രവൃത്തിദിവസത്തില്‍ കൂട്ടത്തോടെ എന്തു ധൈര്യത്തിലാണ് പഞ്ചായത്ത് ജീവനക്കാര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകാത്തതെന്ന് ഒരു മേലുദ്യോഗസ്ഥനും അറിഞ്ഞുകൂടാ. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ നാല് ജീവനക്കാര്‍ അവധിയിലായിരുന്നു. ഹാജരാകേണ്ട ഉദ്യോഗസ്ഥര്‍ ഇല്ലാതെ സാധാരണക്കാര്‍ സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും കിട്ടാതെ ഏറെ ബുദ്ധിമുട്ടി. പഞ്ചായത്തിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ ജനപ്രതിനിധികള്‍ എത്തിയപ്പോഴും പഞ്ചായത്ത് നാഥനില്ലാ കളരി പോലെ കിടക്കുന്നു. ഇതൊന്നും കൂട്ടാക്കാതെ ഇന്നലെ രാവിലെ ജോലിയില്‍ പ്രവേശിക്കാന്വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ ബിജെപി പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ഇടവട്ടം വിനോദിന്റെ നേതൃത്വത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഗേറ്റ് പൂട്ടി ഉപരോധസമരം നടത്തി.
സ്ഥലത്തെത്തിയ അഞ്ചാലുംമൂട് പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തി. ഡിഡിപി വരാതെ സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് സംഭവമറിഞ്ഞ് ഡിഡിപി സ്ഥലത്തെത്തി. ബിജെപി നേതാക്കളും ഡിഡിപിയുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാത്ത മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിക്കുമെന്നും ഉടന്‍തന്നെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും നടപടിയെടുക്കുമെന്നും ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്കി തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
സംഭവത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ വച്ച് കോടതിയെ സമീപിക്കുമെന്നും ഇത്തരത്തില്‍ കുത്തഴിഞ്ഞുകിടക്കുന്ന പെരിനാട് പഞ്ചായത്തിലെ ഭരണസമിതിക്കും ഉദ്യോഗസ്ഥന്മാര്ക്കുമെതിരെ ബിജെപി ശക്തമായിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി ജില്ലാജനറല്‍സെക്രട്ടറി വെള്ളിമണ്‍ ദിലീപ് പറഞ്ഞു. ബിജെപി നേതാക്കളായ മണ്ഡലം സെക്രട്ടറി മഠത്തില്‍ സുനില്‍, മണ്ഡലം ട്രഷറര്‍ ചിറക്കോണം സുരേഷ്, വാര്‍ഡ് മെമ്പര്‍ ഉമേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെള്ളിമണ്‍ അനീഷ്, പഞ്ചായത്ത് ഭാരവാഹികളായ ഗോപകുമാര്‍, സുരേഷ്കുമാര്‍, അഭിലാഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: