ആലപ്പുഴ: പുഞ്ചക്കൃഷിക്ക് വിത ആരംഭിച്ച സാഹചര്യത്തില്‍ ഓരുമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി അറുന്നൂറിലേറെ ഓരുമുട്ടുകളാണ് നിര്‍മ്മിക്കേണ്ടത്. അല്ലാത്തപക്ഷം കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍പ്പെട്ട പാടശേഖരങ്ങളിലെ പുഞ്ചക്കൃഷി ഉപ്പുവെള്ളം കയറി നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
വൃശ്ചിക വേലിയേറ്റത്തോടൊപ്പമാണ് ഉപ്പുവെള്ളം കായല്‍-പാടശേഖരങ്ങളില്‍ എത്തിച്ചേരുന്നത്. കടലിനെയും കായലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോടുകള്‍, തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളിലൂടെയാണ് ഉപ്പുവെള്ളം കയറുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഓരുമുട്ടുകള്‍ യഥാസമയം നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തിയതുമൂലം കൃഷി വന്‍തോതില്‍ നശിച്ചിരുന്നു. നെല്‍കൃഷി സംരക്ഷിക്കുന്നതിനായി ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് ഓരുമുട്ടുകള്‍ നിര്‍മിക്കുന്ന ചുമതല ജലസേചന വകുപ്പിനെയാണു സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുള്ളത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍പ്പെട്ട 35,000 ലധികം ഹെക്ടര്‍ കായല്‍-പാടശേഖരങ്ങളിലാണു പുഞ്ചക്കൃഷി. കടലില്‍നിന്നുള്ള ഉപ്പുവെള്ളം കയറാതിരിക്കാന്‍ പുളിക്കീഴ് തോട്ടിലാണു മുട്ടു നിര്‍മിക്കേണ്ടത്. ഉടന്‍ തന്നെ തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും അടയ്ക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: