അടുക്കളയില്‍ നിന്ന് കൃഷിയില്‍ വിജയഗാഥ സൃഷ്ടിച്ച് പോത്തന്‍കോട് പത്തംഗ വനിതാസംഘം. മഞ്ഞമല വാര്‍ഡിലെ സൂര്യ, ശ്രീമുരുക എന്നീ കുടുംബശ്രീകളുടെ കൂട്ടായ്മയായ വിപഞ്ചിക ഗ്രൂപ്പാണ് സംഘകൃഷിയില്‍ വിജയം കൈവരിച്ചത്.
അടുക്കളയില്‍ മാത്രമല്ല കൃഷിയിലും തങ്ങള്‍ക്ക് കൈപ്പുണ്യമുണ്ടെന്ന് തെളിയിച്ച് പൊരിവെയിലത്ത് മരച്ചീനി കൃഷി നടത്തി അതില്‍ നൂറു ശതമാനം വിജയം കൈവരിച്ചത്. പുരുഷന്മാര്ക്ക് മാത്രമല്ല മണ്ണില്‍ കിളച്ച് കൃഷി ചെയ്യുവാന്‍ കഴിയുന്നതെന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചിരിക്കുകയാണ് ഈ വനിതകള്‍.
പോത്തന്‍കോട് പഞ്ചായത്തിലെ മഞ്ഞമല വാര്‍ഡിലെ അംഗങ്ങളായ വനിതകളാണ് സ്വന്തം വാര്‍ഡില്‍ സ്ഥലം കിട്ടാത്തതിനാല്‍ തൊട്ടടുത്ത വാര്‍ഡായ മണ്ണറയിലെ ഷാജിതയുടെ ഒന്നര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് മരച്ചീനി കൃഷി ചെയ്ത് വിജയം കൊയ്തത്. ഓരോ കുടുംബശ്രീയില്‍ നിന്നും 9 മുതല്‍ 14 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി 18 വാര്‍ഡുകളിലായി 243 ജെഎല്‍ജി ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പും കുറഞ്ഞത് ഒന്നര ഏക്കറില്‍ കൃഷി ചെയ്യണമെന്നതുമായിരുന്നു വ്യവസ്ഥ. കഴിഞ്ഞ ഓണക്കാലത്ത് ആകെ ഉണ്ടായിരുന്ന നൂറു തൊഴില്‍ ദിനങ്ങളില്‍ 50 ദിനങ്ങളാണ് ഈ സംഘം ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി 250 ഏക്കര്‍ സ്ഥലത്ത് മരച്ചീനി, വാഴ തുടങ്ങിയ കൃഷികളാണ് ചെയ്തത്.
480 തൊഴില്‍ ദിനങ്ങളാണ് സ്വയം കിളച്ച് കമ്പ് നടുന്നതിനു വേണ്ടി വിപഞ്ചിക ഗ്രൂപ്പിലെ വനിതകള്‍ എറ്റെടുത്തത്. പരിസരങ്ങളില്‍ നിന്നും ശേഖരിച്ച തണ്ട് ചുവപ്പനും, പച്ചയും കറുപ്പും കലര്‍ന്ന നിറങ്ങളിലുള്ള രണ്ടിനം മരച്ചീനി കമ്പുകളാണ് ഇവര്‍ കൃഷിചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബര്‍ നട്ടിരുന്ന ഈ ഒന്നര ഏക്കര്‍ സ്ഥലത്തെ കാടും പടര്‍പ്പും വെട്ടി ഉണക്കി വളമായി ഉപയോഗിച്ചാണ് കൃഷി ചെയ്തത്. മറ്റു വളങ്ങള്‍ ഒന്നും ഉപയോഗിക്കാതെയായിരുന്നു ഇവരുടെ കൃഷി രീതി. രണ്ടായിരത്തി അഞ്ഞൂറിലധികം മൂട് മരച്ചീനി നട്ടിരുന്നു.
കഴിഞ്ഞ ആഴ്ച വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ ഓരോ മൂട്ടിലും 20 മുതല്‍ 40 കിലോ വരെ മരച്ചീനിയാണ് ലഭിച്ചത്. സാധാരണ ഒരു മൂട്ടില് ശരാശരി 5 കിലോ മരച്ചീനി മാത്രമേ ലഭിക്കൂ. സ്ഥലത്തെ മരച്ചീനി കൃഷിയുടെ വിജയഗാഥ നേരില്‍ കാണാന്‍ നിരവധി ആളുകള്‍ ദിനം പ്രതി എത്തുന്നുണ്ട്.
185 രൂപ വെച്ച് 485 തൊഴില്‍ ദിനങ്ങള്‍ക്ക് ചെലവായ തുക 88,800 ആണെങ്കില്‍, ഒരു കിലോ മരച്ചീനിക്ക് 20 രൂപ നിരക്കില്‍ 8 ലക്ഷത്തോളം രൂപ വരുമാനം നേടിയതിന്റെ സന്തോഷത്തിലാണ് ഈ വനിതകള്‍.
ഇവരുടെ വിജയഗാഥ നേരില്‍ കാണുന്നതിനുവേണ്ടി പോത്തന്‍കോട് പഞ്ചായത്ത് മെമ്പര്‍മാരായ വേണുവും, അഡ്വ. അനസും എത്തിയിരുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ നൂറ് കണക്കിന് കാണികള്‍ എത്തിയിരുന്നു. അവര്‍ക്കെല്ലാം മരച്ചീനി പാചകം ചെയ്ത് കഴിക്കാന്‍ നല്‍കിയാണ് വിപഞ്ചികയിലെ അംഗങ്ങളായ പ്രിയ, സിന്ധു, ഷാജിത, പ്രഭ, വസന്ത, ഓമന, ഭാരതി, ജയ, വിജയലക്ഷ്മി സുനിത എന്നിവര്‍ അടങ്ങുന്ന സംഘം വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: