അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തു ടൂറിസത്തിന്റെ പേരില്‍ പാര്‍ക്കു നിര്‍മ്മാണം. കുട്ടനാടന്‍ പാടങ്ങള്‍ ഇല്ലാതാകുമെന്നു കര്‍ഷകരുടെ ആക്ഷേപം. വെള്ളപ്പൊക്ക സമയത്ത് കുട്ടനാടന്‍ ഭാഗങ്ങളില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകി പോകുന്ന ഭാഗത്താണ് ഡിടിപിസി 77 ലക്ഷം രൂപ മുടക്കി പഞ്ചായത്തുമായി ചേര്‍ന്നു പാര്‍ക്ക് നിര്‍മ്മിക്കുന്നത്.
നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ക്ക് കിഴക്കുഭാഗത്ത് ആഴം കൂട്ടല്‍ നടക്കുമ്പോഴാണ് മണല്‍ മാറ്റാന്‍ സാധിക്കാത്ത തരത്തില്‍ പാര്‍ക്കിന്റെ നിര്‍മ്മാണം. ഈ ഭാഗത്തു ആഴം കൂട്ടിയെങ്കില്‍ മാത്രമേ കിഴക്കു നിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകി പോകൂ. എന്നാല്‍ വെള്ളം ഒഴുകേണ്ട കരയില്‍ ഗ്രാവല്‍ ഇറക്കി നികത്തി 80 മീറ്റര്‍ നീളത്തിലും 26 മീറ്റര്‍ നീളത്തിലും ചില്‍ഡ്രന്‍സ് പാര്‍ക്കും ഇതിനു സമീപത്ത് 12 മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലും വാഹന പാര്‍ക്കിങ് ഗ്രൗണ്ടും നിര്‍മ്മിച്ചുമാണ് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നത്.
ദിവസം നൂറുകണക്കിനു തൊഴിലാളികള്‍ പണിയെടുക്കുന്ന ഫിഷിങ് ഹാര്‍ബര്‍ സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യാത്ത പഞ്ചായത്ത് ഭരണസമിതി 77 ലക്ഷം മുടക്കി പാര്‍ക്കു നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നു ആരോപണമുണ്ട്.
ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരില്‍ പ്രദേശവാസികളെ ഒപ്പം നിര്‍ത്തിയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു വഴിതെളിച്ച് പാര്‍ക്ക് നിര്‍മ്മാണം തുടങ്ങിയത്. പാടശേഖരങ്ങളെയും പതിനായിരക്കണക്കിന് കുടുംബങ്ങളെയും ഇല്ലാതാക്കുന്ന നിലപാട് എടുത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ഡിടിപിസിക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നു. നിലവില്‍ പാര്‍ക്കു നിര്‍മ്മാണം പൂര്‍ത്തിയായാലും വെള്ളപ്പൊക്ക സമയത്തു കനാലിലൂടെ ശക്തമായി ഒഴുകിവരുന്ന വെള്ളം പാര്‍ക്കിന്റെ അവശിഷ്ടങ്ങള്‍ പോലും കാണിക്കില്ലെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: