പത്തനംതിട്ട: നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞാല്‍ അവരെ അനധികൃതമായി വാടകയ്ക്ക് താമസിപ്പിച്ചിരിക്കുന്ന വീട്ടുടമസ്ഥര്‍ക്ക് നഗരസഭ പിഴ നല്‍കും.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യാതൊരു മാനദണ്ഡവുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പലരും താമസിപ്പിച്ചുവരികയാണ്. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിനു പോലും സംവിധാനമൊരുക്കാതെ ഷെഡുകള്‍ നിര്‍മിച്ച് നഗരസഭയില്‍ പ്ലാനോ നമ്പരോ നല്‍കാതെയാണ് പലരും വീട് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കു പോകാനായി ഇറങ്ങുമ്പോള്‍ മാലിന്യം പ്ലാസ്റ്റിക് കൂടുകളിലാക്കി റോഡില്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
ഇന്നലെ കണ്ണങ്കരയില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിനു അഞ്ച് തൊഴിലാളികളെ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരും കൗണ്‍സിലര്‍ എം.സി. ഷെരീഫും ചേര്‍ന്ന് പിടികൂടിയിരുന്നു. അവര്‍ താമസിക്കുന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് പിഴയും നല്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നപക്ഷം പോലീസ് കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: