ആലപ്പുഴ: കയറിന്റെയും കരകൗശലവസ്തുക്കളുടെയും കാര്‍ഷിക-വ്യാവസായിക ഉത്പന്നങ്ങളുടെയെല്ലാം പ്രദര്‍ശനത്തിന് സ്ഥിരം വേദിയൊരുക്കുന്നതിന് അനുയോജ്യമായ 16.5 ഏക്കര്‍ സ്ഥലം ജില്ലയില്‍ കണ്ടെത്തിയതായി മന്ത്രി അടൂര്‍ പ്രകാശ്. ഇരുപത്തിയഞ്ചാം വാര്ഷത്തിലേക്കു കടന്ന കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം ആലപ്പുഴ എസ്ഡിവി സ്കൂള്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ പ്രദര്‍ശനങ്ങള്‍ക്കുള്ള സ്ഥിരംവേദിയൊരുക്കാന് എല്ലാ സഹായവും നല്‍കും. ജില്ലയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയെ സംബന്ധിച്ച് പുതുതലമുറയ്ക്ക് ദിശാബോധം നല്കാന് ഈ പ്രദര്‍ശനം ഉപകരിക്കണം. പച്ചക്കറി ഉത്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പുരോഗതി കൈവരിക്കാനായി. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രദര്‍ശനങ്ങള്‍ക്ക് സ്ഥിരം ആസ്ഥാനം ഒരുക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി മുഖ്യപ്രഭാഷണം നടത്തി. കളക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാ ഉപാദ്ധ്യക്ഷന്‍ ബി. അന്‍സാരി, എ.എ. ഷുക്കൂര്‍, നഗരസഭാംഗം തോമസ് ജോസഫ്, കല്ലലി രാഘവന്‍പിള്ള, ജെ. കൃഷ്ണന്, രവി പാലത്തുങ്കല്‍, എം.കെ. ഭാസ്ക്കരപ്പണിക്കര്, എഎന്‍പുരം ശിവകുമാര്‍, ഡോ. വി.എസ്. ഹരികുമാര്‍, ഡോ. എം.എസ്. ബിനോജ്, എസ്. വിജയന് നായര്‍, പ്രൊഫ. എസ്. വിജയന്‍നായര്‍, പ്രൊഫ. എന്‍.സി. നായര്‍, എസ്. മഹാദേവന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന വിളംബര ജാഥ എസ്ഡി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗീതാകൃഷ്ണ പൈ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും കൃഷി വകുപ്പും എസ്ഡി കോളേജ് ബോട്ടണിവിഭാഗവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഈമാസം 28 വരെയാണ് പ്രദര്‍ശനം. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നൂറിലധികം സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: