ചെങ്ങന്നൂര്‍: നീരുവന്ന വിരലിലെ മോതിരം നീക്കം ചെയ്യാന്‍ വിരല്‍ മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനുതൊട്ടുപിന്നാലെ യാതൊരു പരിക്കുമേല്‍ക്കാതെ മോതിരം മുറിച്ച് മാറ്റി അഗ്നിശമനസേന മാതൃകയായി. ആന്ധ്രാപ്രദേശ് ഗൂണ്ടൂര്‍ തെന്നാലി പാണ്ഡുഗംഗ പേട്ടയില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ രത്തിയന്റെ മകന് ബ്രഹ്മേശ്വരന്റെ (14) ഇടത്തെ കൈപ്പത്തിയിലെ നീരുവന്നു വീര്‍ത്ത നടുവിരലിലെ സ്റ്റീല്‍ മോതിരമാണ് ചെങ്ങന്നൂര്‍ അഗ്നിശമനസേന യാതൊരുപരിക്കും കൂടാതെ മുറിച്ച് നീക്കിയത്.
ആറംഗ സംഘത്തോടൊപ്പം ശബരിമല ദര്‍ശനം നടത്തി മടങ്ങിവരുമ്പോള്‍ കുട്ടിയുടെ വിരലില്‍ ചെറുപ്രാണികള്‍ കടിച്ച് നീരുണ്ടാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പമ്പയില്‍ നിന്നും വേദനയോടെ ചെങ്ങന്നൂരില്‍ എത്തുകയും തുടര്‍ന്ന് താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. കുട്ടിയുടെ നീരുവന്ന വിരലിലെ മോതിരം നീക്കം ചെയ്യാന്‍ ആശുപത്രി ജീവനക്കാര്‍ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. വിരലില്‍ രക്തം കട്ട പിടിച്ചു തുടങ്ങിയെന്നും, വിരല്‍ മുറിച്ചുമാറ്റണമെന്നും കൂടുതല്‍ ഫലപ്രദമായ ചികിത്സയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് എത്തി കുട്ടിയെ കയറ്റി.
അവസാന ശ്രമമെന്നനിലയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീരാജ് കുട്ടിയെ അഗ്നിശമനസേനയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസര്‍ വിനോദ്കുമാര്‍, ഫയര്മാന് ഷാജി, ലാല്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കനംകുറഞ് കമ്പി, ചെറിയ അരം തുടങ്ങി ഉപകരണങ്ങള്‍ക്കൊണ്ട് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇരട്ട ആവരണമുളള മോതിരം മുറിച്ചുമാറ്റുകയായിരുന്നു. പുലര്‍ച്ചെ ഒന്നോടെ ആശ്വാസത്തിലായ കുട്ടിയെയും തീര്ത്ഥാടകസംഘത്തെയും അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ തന്നെ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് നിറകണ്ണുകളോടെ നന്ദി അറിയിച്ചാണ് സംഘം സ്വദേശത്തേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: