ഹരിപ്പാട്: സ്പിരിറ്റും രാസവസ്തുക്കളും ചേര്‍ത്ത് വീര്യമുള്ള വ്യാജകള്ള് ഉത്പാദിപ്പിക്കുന്നതിനിടെ മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. 1000 ലിറ്റര്‍ കള്ളും ഇതില്‍ കലര്‍ത്തുന്നതിനായി കൊണ്ടുവന്ന 96 ലിറ്റര്‍ സ്പിരിറ്റും പഞ്ചസാരയും തേനും രാസപതാര്ത്ഥവും ചേര്‍ത്ത് കലക്കിയ 462 ലിറ്റര്‍ സ്പിരിറ്റ് ലായനിയും പത്തു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പിക്കപ്പ് വാനും സംഭവ സ്ഥലത്ത് നിന്ന് പരിശോധനാ സംഘം കണ്ടെടുത്തു. പിടിയിലായവരോടൊപ്പം ഉണ്ടായിരുന്ന ഒന്പതുപേര് ഓടി രക്ഷപെട്ടു.
നങ്ങ്യാര്‍കുളങ്ങര അരണപുറത്ത് പ്രവര്‍ത്തിക്കുന്ന മാവേലിക്കര തട്ടാരമ്പലം സ്വദേശി ദേവിദാസിന്റെ ഉടമസ്ഥതയിലുള്ള ടിഎസ് 30-ാം നമ്പര്‍ ഷാപ്പിന്റെ മാനേജര്‍ തൃക്കുന്നപ്പുഴ പുത്തന്‍പുരയില്‍ ശിവദാസന്‍ (51), പള്ളിപ്പാട് മുട്ടം തുണ്ടുപറമ്പില്‍ സഹദേവന് (63), പള്ളിക്കല്‍ പ്രിന്‍സ് ഭവനത്തില്‍ പ്രിന്‍സ് ശിവദാസ് (25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ പത്തോടെ തെക്കന്‍മേഖല എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡില്‍പ്പെട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ പി. അനില്‍കുമാറും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്.
സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാപ്പില് കള്ളു കയറ്റിയ വാഹനങ്ങള്‍ എത്തുന്നതും പരിശോധനാസംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഷാപ്പിന്റെ തെക്കുഭാഗത്ത് രണ്ട് കൂറ്റന്‍ ടാങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ പഞ്ചസാര, ഈസ്റ്റ്, തേന്‍ തുടങ്ങിയവ ചേര്‍ത്ത് ലായനിയാക്കി കള്ളും സ്പിരിറ്റും ചേര്‍ത്ത് വീര്യംകൂട്ടി മറ്റു ഷാപ്പുകളില്‍ എത്തിക്കുന്നത്. ദേവിദാസിന്റെ ഉടമസ്ഥതയിലുള്ള അരുണപുറം, വലിയകുഴി, പുതുക്കുണ്ടം, അനന്തപുരം, പുളിക്കീഴ്, പതിയാങ്ക്, കൈതവിള, ചൂരുവിള, നങ്ങ്യാര്‍കുളങ്ങര കോട്ടാംകോയിക്കല് തുടങ്ങി പത്തിലധികം വരുന്ന ഷാപ്പുകളില്‍ വില്പനക്കായി സ്പിരിറ്റ് ചേര്‍ത്ത വ്യാജകള്ള് എത്തിക്കുന്നത് ഇവിടെ നിന്നാണ്.
പിടിച്ചെടുത്ത ഓട്ടോയില്‍ സ്പിരിറ്റുമായി മുമ്പും ഇവിടെ നിന്ന് പിടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കേസ് എടുക്കാതെ വിട്ടയക്കുന്ന പതിവാണുള്ളത്. പിടിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുന്നതിന് പിന്നില്‍ ഷാപ്പുടമയും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. കാര്‍ത്തികപ്പള്ളി റേഞ്ച് ഓഫീസില്‍ കൊണ്ടുവന്ന പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മധുസുതനന്‍ നായര്‍, കെ.വി. വിനോദ്, ടി.ആര്. മുകേഷ് കുമാര്‍, എ.കെ. അജയ്കുമാര്‍, ടി.എസ്. മനോജ്കുമാര്‍, ആര്. സുനില്‍കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: