ശാസ്താംകോട്ട: പക്ഷിപ്പനി പിടിപെട്ടതായി സംശയിക്കുന്ന കുന്നത്തൂര്‍ പഞ്ചായത്തില്‍ വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചത്തു. കഴിഞ്ഞദിവസമാണ് കുന്നത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പെടുന്ന ആറുതുണ്ടില്‍ ജംഗ്ഷന് സമീപമുള്ള ചമ്പംകുന്ന് ഭാഗത്ത് താറാവുകള്‍ ചത്തത്. അടുത്തടുത്ത മൂന്നു വീടുകളിലെ താറാവുകളാണിവ.
തുണ്ടില്‍ തെക്കതില്‍ സുരേന്ദ്രന്‍പിള്ള, തുണ്ടില്‍ വീട്ടില്‍ രാജേന്ദ്രന്‍പിള്ള, രാജേഷ് ഭവനില്‍ രമാദേവി എന്നിവരുടെ വീടുകളിലെ വളര്ത്തുതാറാവുകളാണ് ചത്തത്. ഇവിടങ്ങളില്‍ കോഴികള്‍ക്കും പനിപിടിപെട്ടതായാണ് വിവരം. അവശേഷിക്കുന്ന താറാവുകള്‍ക്കും രോഗം പിടിപെട്ടതിന്റെ ലക്ഷണങ്ങളുണ്ട്. കൊല്ലത്തുനിന്നും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താലൂക്കില്‍ പോരുവഴി, കുന്നത്തൂര്‍ എന്നീ പ്രദേശങ്ങളിലായി നിരവധി താറാവുകളും, കോഴികളും ചത്തിരുന്നു.
അടുത്തടുത്ത വീടുകളിലെ താറാവുകളും മറ്റുമാണ് രോഗം പിടിപെട്ട് ചത്തുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടേയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ രോഗം പിടിപെട്ടതായി സംശയിക്കുന്ന പ്രദേശങ്ങളില്‍ ബോധവല്‍ക്കരണവും, പ്രതിരോധ പ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: