ആലപ്പുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ജില്ലയില്‍ അനധികൃതമദ്യ ഉത്പാദനം, വിപണനം എന്നിവ തടയാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തല ജാഗ്രതാസമിതികളുടെ സഹകരണത്തോടെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ജനകീയ ജാഗ്രതാസമിതി യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ജാഗ്രതാസമിതി യോഗത്തിനു ശേഷം 53 ദിവസത്തിനകം ജില്ലയില്‍ 1,742 റെയ്ഡുകളിലായി 229 അംബ്കാരി കേസുകളും ഏഴ് എല്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് യോഗത്തില്‍ അറിയിച്ചു. ഇതില്‍ 243 പേരെ പ്രതികളായി ചേര്‍ക്കുകയും 200 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. 3,955 ലിറ്റര്‍ സ്പിരിറ്റും 121 ലിറ്റര്‍ ചാരായവും 600 ലിറ്റര്‍ വിദേശമദ്യവും 1,698 ലിറ്റര്‍ കോടയും 5.55 കിലോ കഞ്ചാവും 71 ലിറ്റര്‍ കള്ളും 135.5 ലിറ്റര്‍ അരിഷ്ടവും 232 ലിറ്റര്‍ വൈനും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജമദ്യം കടത്തിയതിനു പിടിച്ചെടുത്ത 15 വാഹനങ്ങള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിനുള്ള നടപടികളെടത്തുവരികയാണ്. 1,553 പരിശോധന കള്ളുഷാപ്പുകളിലും 46 പരിശോധന വിദേശമദ്യശാലകളിലും നടത്തി. കള്ളിന്റെ 800 സാമ്പിളുകളും വിദേശമദ്യത്തിന്റെ 40 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എക്സൈസ് വകുപ്പുതന്നെയും പോലീസുമായി സഹകരിച്ചും 20 പ്രത്യേകറെയ്ഡുകള് സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 34 കേസുകള്‍ കണ്ടെത്തി.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കായല്‍മേഖലയില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിയമാനുസൃതസമയത്തിനു മുമ്പ് കള്ളുഷാപ്പ് തുറന്നുപ്രവര്‍ത്തിച്ചതിന് മൂന്നു ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. സ്കൂള്‍ പരിസരങ്ങളിലെ ലഹരിവസ്തുക്കളുടെ വിപണനത്തിനെതിരെ പട്രോളിങ് ശക്തമാക്കാനും രഹസ്യനിരീക്ഷണം വിപുലമാക്കാനും തീരുമാനിച്ചു. ബോധവത്കരണപ്രവര്ത്തനത്തിന്റെ ഭാഗമായി 61 ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു.പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന പെര്‍മിറ്റ് കള്ള് അതത് എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ പരിശോധനയ്ക്കു ശേഷമാണ് വില്‍പ്പനയ്ക്കു നല്‍കാറുള്ളത്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതല കണ്ട്രോള് റൂം നമ്പറായ 0477 2252049 ലോ താഴെപ്പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം. ചേര്‍ത്തല: 04782813126, സിഐ: 9400069483, ആലപ്പുഴ: 0477 2230183, മാവേലിക്കര: 0479 2340265, സിഐ: 9400069490, സിഐ കുട്ടനാട്: 9400069487, സിഐ ഹരിപ്പാട്: 9400069492. ഡിവൈഎസ്പി: സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജാഗ്രതാസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: