ശബരിമല: വീട്ടിലേക്കു പണം അയക്കാന്‍, മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍, നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ എന്നു തുടങ്ങി തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന ‘ഭക്തര്‍ക്ക് ആധുനിക സംവിധാനങ്ങളോടെ സേവനത്തിന്റെ പുതുമാതൃകയൊരുക്കുകയാണ് ശബരിമല പോസ്റ്റ് ഓഫീസ്.
പോസ്റ്റ്മാസ്റ്റര്‍ സായിപ്രകാശിന്റെ നേതൃത്വത്തില്‍ ആറുപേരാണിവിടെ സേവനമനുഷ്ടിക്കുന്നത്. ശബരിമലയില്‍ വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വീട്ടിലേക്കു പണം അയക്കാന്‍ ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനമാണ് പോസ്റ്റ്ഓഫീസ് ഒരുക്കിയിരിക്കുന്നത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 17 വരെ 15 ലക്ഷം രൂപയാണ് മണിയോര്‍ഡറായി ശബരിമല പോസ്റ്റ് ഓഫീസില്‍ നിന്നയച്ചത്. പ്രധാനമായും കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലുളളവര്ക്കാണിതിന്റെ പ്രയോജനം ലഭിക്കുന്നത്.
50,000 രൂപ മണിയോര്‍ഡര്‍ അയക്കണമെങ്കില്‍ 120 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരുന്നത്. പോസ്റ്റ്ഓഫീസില്‍ നിന്ന് നല്കുന്ന പ്രത്യേക രഹസ്യ കോഡ് പണം അയക്കുന്ന ആള്‍ക്ക് നല്‍കും. ഈ കോഡ് പണം ലഭിക്കേണ്ട ആളിന് കൈമാറി നിമിഷങ്ങള്‍ക്കകം പണം ലഭിക്കുന്ന രീതിയാണിത്. മൊബൈല്‍ ഫോണ്‍ ഫ്ളെക്സിയായി റീച്ചാര്‍ജ് ചെയ്തു കൊടുക്കുന്നുമുണ്ട്. അയ്യപ്പന്മാരുടെയും തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും നഷ്ടപ്പെട്ടുപോകുന്ന മൂല്യമുള്ള വസ്തുക്കള്‍ തിരികെ നല്‍കിയും പോസ്റ്റ് ഓഫീസ് മാതൃകയാകുന്നുണ്ട്. കളഞ്ഞു കിട്ടുന്നതായ സാധനങ്ങള്‍ നിക്ഷേപിക്കുന്നതിനായി പൊതുമരാമത്ത് ഓഫീസിനു മുന്നിലും സന്നിധാനത്തും പോസ്റ്റ്ഓഫീസിനു മുന്നിലും ഓരോ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ടെന്നു കരുതിയ എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവ ഇതിനോടകം ധാരാളം പേര്‍ക്ക് നല്കി കഴിഞ്ഞു. കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ പരമാവധി പെട്ടിയില്‍ നിക്ഷേപിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പോസ്റ്റ്മാസ്റ്റര്‍ സായിപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: