ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച കോടതി വാദം കേട്ടു. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തുടര്ദിവസങ്ങളിലേക്ക് മാറ്റിവച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോസിക്യൂഷന് വാദിച്ചു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഞ്ച് പ്രതികള്‍ക്ക് വേണ്ടി മൂന്ന് അഭിഭാഷകരാണ് ഹാജരായത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി.ചന്ദ്രന്, സിപിഎം മുന്‍ എല്‍സി സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രമോദ്, ദീപു, രാജേഷ് രാജന് എന്നിവരാണ് പ്രതികള്‍.
ഒന്നാം പ്രതി ലതീഷ് തന്റെ വിവാഹ ദിവസം കൃഷ്ണപിള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം വധുഗൃഹത്തില്‍ പോയി വിവാഹിതനായ വ്യക്തിയാണെന്നും അങ്ങനെയുള്ള ഒരാള്‍ക്ക് ഇത്തരം നീചകൃത്യത്തില്‍ പങ്കാളിയാവാനാവില്ലെന്നും കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണെന്നും പ്രതിഭാഗം വാദിച്ചു. ആരോപിക്കപ്പെട്ടിരിക്കുന്ന ശിക്ഷാനിയമങ്ങളില്‍ ജാമ്യം ലഭിക്കാത്ത ഏകവകുപ്പ് ശിക്ഷാനിയമം 436 മാത്രമാണ്. ആള്‍ത്താമസമുള്ള വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും പരിരക്ഷ നല്കുന്ന വകുപ്പ് ഈ സംഭവത്തില്‍ ബാധകമല്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി 20 തവണയിലധികം ചോദ്യം ചെയ്യലില്‍ സഹകരിച്ച ലതീഷ് നുണപരിശോധനയ്ക്കുള്പ്പെടെ തയാറാണെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തില്‍ റിമാന്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.
മൊബൈല്‍ഫോണ്‍ വിളികളുടെ മാത്രം അടിസ്ഥാനത്തിലും, മറ്റ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയും പ്രതിചേര്‍ക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കായിപ്പുറത്തെ ഇന്ദിരാഗാന്ധി പ്രതിമ തകര്‍ക്കുയും കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ലതീഷിന് വ്യക്തമായ പങ്കുള്ളതായി മറ്റുപ്രതികളുടെ മൊഴിയുണ്ടെന്ന് പോസിക്യൂഷന് വാദിച്ചു. ശിക്ഷാ നിയമം 436 ഈ കേസിലും ബാധകമാണ്. കൃഷ്ണപിള്ള താമസിച്ച വീടാണിത്.
കൃഷ്ണപിള്ള ഉപയോഗിച്ച കട്ടില് അടക്കമുള്ള ഉപകരണങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്തില്‍ കൃഷ്ണപിള്ള സ്മാരകം വീടെന്നാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ പഞ്ചായത്തില്‍ നിന്ന് വീടിന് നമ്പരിട്ട് നല്‍കിയിട്ടുണ്ടെന്നും പോസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക്വേണ്ടി അഭിഭാഷകരായ സി.കെ. സജീവ്, പി.കെ. റോയി, ബി. ശിവദാസ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി എസ്. സനല്‍കുമാറും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: