കുമരകം: കുമരകം അടക്കം കേരളത്തിലെ ടൂറിസം മേഖല പ്രതിസന്ധിയിലാകുന്നു. പക്ഷിപ്പനിഭീതി പടര്‍ന്നതും കേരളത്തിലേതിനേക്കാള്‍ ചിലവ് കുറഞ്ഞ വിനോദസഞ്ചാരമേഖലകള്‍ ശ്രീലങ്കയിലും മറ്റും തുറന്നതുമാണ് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഡിസംബര്‍ പകുതിമുതല്‍ ജനുവരി 10വരെയുള്ള കാലഘട്ടമാണ് സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ സുവര്‍ണ്ണകാലം. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ കാലയളവില്‍ കുമരകം അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നത്. വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നതും ഈ സമയത്താണ്.
സീസണ് കാലഘട്ടത്തില്‍ ഹോട്ടലുകളിലെ മുറികള്‍ക്കും മറ്റുമായി 30 ശതമാനത്തിലധികം നിരക്ക് വര്‍ദ്ധനവ് ഉണ്ടാകും. ഹൗസ് ബോട്ടുകളാകട്ടെ 80 ശതമാനംവരെ നിരക്ക് വര്‍ദ്ധിപ്പിക്കും. ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന് 450 രൂപവരെ ഈടാക്കുമ്പോള്‍ 5 സ്റ്റാന്‍ ഹോട്ടലുകളില്‍ 1300 മുതല്‍ 1500 വരെ ഈടാക്കും. വിമാനയാത്രക്കൂലിയിലും വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു. ഫലത്തില്‍ വിനോദസഞ്ചാരികളെ സീസണ് സമയത്ത് വലിയതോതില്‍ ചൂഷണത്തിന് വിധേയമാക്കുന്നു. കുമരകം പോലെ ഏറെ വിനോദസഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടിരുന്ന സ്ഥലത്ത് പക്ഷിപ്പനി രോഗഭീതി പടര്‍ന്നതും ടൂറിസത്തിന് തിരിച്ചടിയായി.
വിദേശത്തടക്കം പക്ഷിപ്പനി വാര്‍ത്ത പരന്നതോടെ ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും തിരക്കേറിയ ഈ വിനോദസഞ്ചാര കാലഘട്ടത്തിലും കാര്യമായ ബുക്കിംഗുകള്‍ ഉണ്ടായിട്ടില്ലെന്ന് ഹൗസ് ബോട്ട് ഉടമകളും ഹോട്ടല്‍ നടത്തിപ്പുക്കാരും സാക്ഷ്യപ്പെടുത്തുന്നു.
വിനോദസഞ്ചാര മേഖലയ്ക്ക് ഇപ്പോഴുണ്ടായ തിരിച്ചടിയുടെ മറ്റൊരു കാരണം കേരളത്തിലെപോലെ പ്രകൃതി ഭംഗിയുള്ള ശ്രീലങ്കയില്‍ വിനോദസഞ്ചാര മേഖല തുറന്നതാണ്. അവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കേരളത്തില്‍ ചെലവഴിക്കുന്നതിന്റെ പകുതി തുക ചിലവാക്കിയാല്‍ മതി. ടൂറിസം മേഖലയിലെ സാമ്പത്തിക ചൂഷണത്തിന് അറുതി വരുത്താന്‍ അധികൃതര്‍ സത്ത്വരനടപടികള് സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ കേരളത്തിലെ വിനോദസഞ്ചാര മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: