പൊന്‍കുന്നം : ഭക്തികാഠിന്യത്തിന്റെ പാതകള്‍ താണ്ടി സീമാന്ധ്രയില്‍ നിന്നും വെങ്കിടേശ്വര റാവുവും സംഘവും ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രസന്നിധിയിലെത്തി. രണ്ടുമാസം മുന്‍പ് ആരംഭിച്ച പദയാത്ര 1500 കിലോമീറ്റര്‍ ദൂരം താണ്ടി ഞായറാഴ്ച മണക്കാട്ടെത്തി്.
സീമാന്ധ്രയിലെ ഗുണ്ടൂര്‍ മാസവരം സ്വദേശിയായ വെങ്കിടേശ്വരറാവു (59) ശബരിമല യാത്രയ്ക്കായി തയ്യാറാക്കിയ സൈക്കിള്‍റിക്ഷ തള്ളിനീക്കിക്കൊണ്ടാണ് ശബരിമല യാത്ര നടത്തുന്നത്. ഭാര്യ ആദിലക്ഷ്മി (55) മക്കളായ സവിടേശ്വരറാവു (26) മണികണ്ഠന് (18) എന്നിവരാണ് യാത്രാസംഘത്തിലുള്ളത്.
ഗുരുസ്വാമിയും സംഘവും നടന്നു തളരുമ്പോള്‍ റോഡുസൈഡില്‍ വിശ്രമിക്കും. വെങ്കിടേശ്വരറാവുവാണ് ഗുണ്ടൂര്‍ മുതല്‍ മറ്റാരെയും ഏല്‍പ്പിക്കാതെ റിക്ഷ തള്ളി നടക്കുന്നത്. എല്ലാവരുടെയും കാലുകള്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് കെട്ടിയിരിക്കുന്നു.
സ്വാമി അയ്യപ്പന്റേയും മുരുകന്, ഗണപതി എന്നിവരുടെയും ഫോട്ടോകള്‍ റിക്ഷയില്‍ വച്ച് അലങ്കരിച്ചിരിക്കുന്നു. ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിന് സ്റ്റൗവും ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റ് സാധനങ്ങളും റിക്ഷയില്‍ ഭദ്രം. രാത്രി ഏതെങ്കിലും ക്ഷേത്രത്തില്‍ വിശ്രമിക്കും.
സ്വന്തമായി റിക്ഷ ഓടിക്കുന്ന വെങ്കിടേശ്വരറാവു വഴിപാടിന്റെ ഭാഗമായാണ് റിക്ഷ തള്ളി കാല്‍നടയായി ശബരിമലയിലേക്ക് പോകുന്നത്. എല്ലാ വര്‍ഷവും ശബരിമല ദര്‍ശനം നടത്തുന്ന പതിവുള്ള റാവു ഇത് ആറാം തവണയാണ് പദയാത്ര നടത്തുന്നത്. കയ്യിലുള്ള ചെറിയ മൈക്കിലൂടെ എല്ലാവരും അയ്യപ്പകീര്‍ത്തനം ആലപിക്കും.
ഗുരുസ്വാമിയുടെ കയ്യിലുള്ള ഗിഞ്ചിറയുടെ താളം കൂടിയാകുമ്പോള്‍ സമയവും ദൂരവും കടന്നുപോകുന്നത് അറിയാറില്ലെന്ന് ഇവര്‍ പറയുന്നു. ഇനി മകരവിളക്കു തൊഴുതതിനുശേഷമേ മലയിറങ്ങുകയുള്ളു. മണക്കാട്ട് ക്ഷേത്രത്തിലെത്തിയ സംഘത്തെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു.
കഠിനവൃതത്തിന്റെ ശക്തിയുമായി ശരണകീര്‍ത്തനങ്ങള്‍ ആടിപ്പാടി നീങ്ങുന്ന സംഘം തീര്‍ത്ഥാടന കാലത്തെ വേറിട്ട കാഴ്ചയാണ്.
15000 രൂപാ ചിലവഴിച്ചു ശബരിമലയാത്രക്കായി മാത്രം ഒരുക്കിയ സൈക്കിള്‍റിക്ഷ മണക്കാട്ടമ്മയ്ക്ക് സമര്‍പ്പിച്ച് ട്രെയിനിലാണ് മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: