ഹരിപ്പാട്: കഞ്ചാവും മയക്കുമരുന്നുമായി ഗുണ്ടാത്തലവന് ഉള്‍പ്പടെ നാലുപേരെ പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുണ്ടാതലവന്‍ ലിജു ഉമ്മന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പിടയിലായവരില്‍ നിന്ന് 200 ഗ്രാം കഞ്ചാവും 21 ആംപ്യൂളുകളും ഒരു ബൈക്കും പോലീസ് കണ്ടെടുത്തു. മുപ്പത്തിയൊന്ന് കേസിലെ പ്രതിയും ഗുണ്ടയുമായ മാവേലിക്കര പുന്നമൂട് എബനേസര്‍ വില്ലയില്‍ ലിജു ഉമ്മന്‍ (34), വിദ്യാര്‍ത്ഥികളും ബൈക്ക് യാത്രികരുമായ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയില്‍ അന്‍സില്‍ (21), തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയില്‍ ജുനൈദ് (21), തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേട് പറമ്പില്‍ ഹാഷിഷ് (19) എന്നിവരെയാണ് ഹരിപ്പാട് സിഐ: ടി.മനോജും തൃക്കുന്നപ്പുഴ എസ്ഐ: കെ.ടി. സന്ദീപും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
സ്കൂള്‍ വിടുമ്പോള്‍ ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായുള്ള പരാതിയെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മഹാദേവികാട് പുളിക്കീഴ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് പോലീസിനെ കണ്ട് ബൈക്ക് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥകളെ പിടിച്ചത്. ഇവരെ പരിശോധിക്കുന്നതിനിടെ 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ മാവേലിക്കര കോടതി ജങ്ഷനിലെ ഒരു കടയില്‍ നിന്ന് 500 രൂപയ്ക്കു കഞ്ചാവ് പാക്കറ്റ് വിലക്ക് വാങ്ങിയതാണെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു.
ഇതിനിടെ ഈ കടയുടമയായ ലിജു ഉമ്മന്‍ ആറാട്ടുപുഴ വലിയഴീക്കല്‍ ഭാഗത്ത് കഞ്ചാവും മയക്കുമരുന്നും വില്പന നടത്തുന്നതായി രഹസ്യവിവരം കിട്ടി. രാത്രി 9.45ഓടെ പോലീസ് സ്ഥലത്ത് എത്തി. വിദ്യാര്‍ത്ഥികളില്‍ ഒരാളെ കഞ്ചാവ് വാങ്ങുന്നതിന് പണം നല്കി അയച്ചു. പരിചിതരല്ലാത്ത രണ്ട് പോലീസുകാര്‍ സാധാരണ വേഷത്തില്‍ വിദ്യാര്‍ത്ഥിയോടൊപ്പം കൂടി. കഞ്ചാവ് കൈമാറുന്നതിനിടെ പോലീസുകാര്‍ ലിജു ഉമ്മനെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മറ്റു നാലുപേര്‍ ഓടി രക്ഷപെട്ടു. ലിജുവിനെ സ്ഥലത്ത് മറഞ്ഞു നിന്ന സിഐയുടെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് എത്തി കീഴ്പ്പെടുത്തി കൈവശം ഉണ്ടായിരുന്ന 100 ഗ്രാം കഞ്ചാവും 21 ആംപ്യൂളുകളും കണ്ടെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ യുവാക്കള്‍ക്കും ജില്ലയിലെ മുഴുവന്‍ വിദ്യാലയ പരിസരത്തെ കടകളിലും കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്നത് ലിജുവും ഇയാളുടെ സഹോദരനുമാണെന്നാണ് പോലീസിന് കിട്ടിയിവിവരം. കഞ്ചാവും മയക്കുമരുന്നിനും കീഴ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് ക്വട്ടേഷന്‍ ഉപയോഗിക്കുന്നത്.
കാപ്പാ നിയമം അനുസരിച്ച് വിയ്യൂര്‍, തിരുവനന്തപുരം സെട്രല്‍ ജയിലുകളില്‍ കിടന്ന ലിജു കഴിഞ്ഞ മേയിലാണ് പുറത്തിറങ്ങിയത്. രണ്ടു മാസം മുമ്പ് ആലപ്പുഴ പ്രസ്ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ക്വട്ടേഷന്‍, മയക്കുമരുന്നു വില്പന എല്ലാം ഉപേക്ഷിച്ചതായി പറഞ്ഞിരുന്നു. ഈയാള്‍ക്കെതിരെ 31 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് കൊലപാതക കേസുകളാണ്. മാവേലിക്കരയിലെ ഓട്ടോറിക്ഷി ഡ്രൈവര്‍ സണ്ണിയെയും കായംകുളത്തെ ശര്‍ക്കര വ്യാപാരി രാജേന്ദ്രനെയുമാണ് കൊലപ്പെടുത്തിയത്. മാവേലിക്കര സിഐ: ജോസ്മാത്യൂവിനെ ബുള്ളറ്റ് കൊണ്ട് ഇടിച്ചു വീഴ്ത്തിയത് ഉള്‍പ്പെടെ 13 വധശ്രമകേസുകളിലും ആയുധം കൈവശം വച്ചത്, കൊറ്റുകുളങ്ങരയില്‍ തട്ടുകടയില്‍ ബോംബു എറിഞ്ഞ് അക്രമം നടത്തിയത് കേസുകളിലും കോട്ടയത്തെ സ്വര്‍ണ വ്യാപാരിയായ രാജസ്ഥാന്‍കാരനെതിരെ നടത്തിയ ക്വട്ടേഷന്‍ അക്രമണത്തിലും മൂന്ന് പിടിച്ചു പടികേസും പത്ത് അടിപിടി കേസും നിലവിലുള്ളത്. പ്രതികളെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി. സിഐയ്ക്കും എസ്ഐയ്ക്കും പുറമേ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ന്മാരായ പ്രദീപ്, നിഷാദ്, ഇക്ബാല്‍, ഷാഫി, ഓമനക്കുട്ടന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: