കോട്ടയം: കേരളം ആതിഥ്യമരുളുന്ന 35-ാമത് നാഷണല്‍ ഗെയിംസിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘റണ്‍ കേരള റണ്‍’- കൂട്ടയോട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.
2015 ജനുവരി 21ന് രാവിലെ 10.30 മുതല്‍ 11 വരെ ജില്ലാ-താലൂക്ക്- പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലങ്ങളില്‍ റണ്‍ കേരള റണ്‍ പരിപാടി സംഘടിപ്പിക്കും. ജില്ലയില്‍ 538 പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ജീവനക്കാരെയും വീട്ടമ്മമാര്ഉള്പ്പെടെയുള്ളവരെയും ഇതില്‍ പങ്കാളികളാക്കുന്നതിനുള്ള നടപടികള്‍ യോഗം ആസൂത്രണം ചെയ്തു. ജില്ലയിലെ മന്ത്രിമാര്‍, എം.പി- എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവര്‍ രക്ഷാധികാരികളായും കളക്ടര്‍ ചെയര്‍മാനുമായുള്ള ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
ജില്ലാതല റണ്‍ കേരള റണ്‍ പരിപാടി കോട്ടയം പോലീസ്പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കും. പരിപാടിയുടെ നടത്തിപ്പിനായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഡിസംബര്‍ 20ന് പ്രതേ്യക യോഗം ചേര്‍ന്ന് പ്രദേശിക തലത്തില്‍ സംഘാടക സമിതി രൂപീകരിച്ച് ഒരുക്കങ്ങള്‍ നടത്താന്‍ എ.ഡി.എം നിര്‍ദ്ദേശിച്ചു.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,യുവജന-രാഷ്ട്രീയ സംഘടനകള്‍,
വ്യാപാര സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും കൂട്ടയോട്ടത്തില്‍ അണിനിരത്തും. എന്‍.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്, റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് വാളന്റിയര്‍മാരെയും കലാ-കായിക താരങ്ങളെയും പങ്കെടുപ്പിക്കും.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ്, കൗണ്‍സിലര്‍മാരായ സിന്‍സി പാറേല്‍, വി.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: