ശബരിമല : സന്നിധാനത്ത് കോടിയിലേറെ രൂപ മുടക്കി നിര്‍മ്മിച്ച ശരണസേതു (ബെയ്ലി പാലം)നോക്കുകുത്തിയാകുന്നു. ദര്‍ശനം കഴിഞ്ഞുവരുന്നവര്‍ക്ക് തിരക്കില്‍പ്പെടാതെ സഞ്ചരിക്കുന്നതിനുവേണ്ടിയാണ് 2011 നവംബര്‍ 7 ന് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 45 മീറ്റര്‍ നീളവും, മൂന്ന് മീറ്റര്‍ വീതിയുമുളള പാലം കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് റെജിമെന്റാണ് നിര്‍മ്മിച്ചത്.
മലകയറി വരുന്നവരുടെയും തിരികെ ഇറങ്ങുന്നവരുടെയും തിരക്ക് വലിയനടപ്പന്തലില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മിച്ചത്. ഇതിലൂടെ കടന്നുവരുന്നവര്‍ തിരക്കില്‍പെടാതെ ചന്ദ്രാനന്ദന്‍ റോഡിലെത്തി പമ്പയിലേക്ക് പോകുന്നതോടെ തിരക്ക് നിയന്ത്രണവിധേയമാകും എന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ പാലത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് തീര്‍ത്ഥാടകരെ പഴയവഴിതന്നെ തിരികെയിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത്.
ദര്‍ശനം കഴിഞ്ഞ് ക്ഷീണിതരായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ ദുരിതം നല്‍കുന്നതായിരുന്നു പാലത്തിലൂടെയുളള യാത്ര. പാലത്തിന്റെ ഒരുവശത്ത് കുത്തനെയുളള ഇറക്കവും മറുവശത്ത് 158 പടികളുമാണുളളത്. ഇത് കയറിയിറങ്ങുന്നതോടെ ഭക്തര്‍ കൂടുതല്‍ ക്ഷീണിതരാകും. കൂടാതെ പാലം ഇരുമ്പ് പ്ലേറ്റുകള്‍ കൂട്ടിയോജിപ്പിച്ച് നിര്‍മ്മിച്ചതായതിനാല്‍ കടുത്തവെയിലില്‍ ചുട്ടുപഴുക്കും. പാദങ്ങള്‍ പൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: