മട്ടാഞ്ചേരി: നിയമസഭാംഗവും പാര്‍ട്ടിയും നിരന്തരം ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ രാജിക്കൊരുങ്ങുന്നു. കൊച്ചിന് കോര്പ്പറേഷന് 26-ാം ഡിവിഷന് നസ്രത്ത് ദേശത്തെ ഷിജിറോയിയാണ് രാജിക്കൊരുങ്ങുന്നത്.
കേന്ദ്രഫണ്ട് വിനിയോഗത്തിലും അടിസ്ഥാനസൗകര്യമൊരുക്കുന്ന പദ്ധതിയിലും പാര്‍ട്ടി യോഗങ്ങളിലും വാര്‍ഡ് വികസനത്തിലും കോണ്‍ഗ്രസും എംഎല്‍എയും നിരന്തരം അവഗണിക്കുകയാണെന്നും പലതും അറിയിക്കാതെയും ജനങ്ങള്‍ക്ക് മുമ്പാകെ കുറ്റപ്പെടുത്തിയും മാനസികമായും സാമൂഹികമായും അപഹാസ്യമാക്കുകയാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന തീരദേശമേഖല ഉള്‍പ്പെടുന്ന കോര്പ്പറേഷന് നസ്രത്ത് ഡിവിഷനില്‍ ഷിജി റോയിയുടെ പ്രവര്‍ത്തനം ജനങ്ങളില്‍ പ്രതീക്ഷകളുണര്‍ത്തിയിരുന്നു.
ജനകീയാവശ്യങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചിരുന്ന വനിതാ കൗണ്‍സിലറായ ഷിജി റോയിയുടെ പ്രവര്‍ത്തനം തങ്ങള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്ന പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദം കൂടിയായതോടെ കോണ്‍ഗ്രസും എംഎല്‍എയും വനിതാപ്രതിനിധിക്കെതിരെ ഒറ്റപ്പെടുത്തല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
തീരദേശ വികസനകോര്‍പ്പറേഷന്റെ പാര്‍പ്പിട വികസന പദ്ധതികളില്‍ ഡിവിഷനിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലും ഫണ്ട് വിതരണം ചെയ്തതിലും വനിതാ കൗണ്‍സിലറെ ഒഴിവാക്കിയായിരുന്നു.
ഇതിന് എംഎല്‍എയുടെ മറുപടി കൗണ്‍സിലര്‍ ഇതറിയേണ്ട എന്നായിരുന്നുവെന്ന് ഷിജി റോയി പറഞ്ഞു. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന വനിതാ കൗണ്‍സിലറിന്റെ പദ്ധതി പ്രദേശത്തെ വീടിനെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജില്ലാ സമിതിയംഗം കൂടിയായ ഷിജി റോയിയെ പാര്‍ട്ടിയോഗങ്ങളും അറിയിക്കാറില്ല. ജനക്ഷേമകാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങുന്നതാണ് തന്റെ അയോഗ്യതയായി പാര്‍ട്ടിയും എംഎല്‍എയും വിലയിരുത്തിയിരിക്കുന്നത്.
നാല് വര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ച് വനിതാ കൗണ്‍സിലറുടെ രാജി കോര്പ്പറേഷന് ഭരണത്തിലും രാഷ്ട്രീയമായും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വനിതാ കൗണ്‍സിലറെ ഒറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് സമീപനം ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും വിലയിരുത്തുന്നു.
എ ഗ്രൂപ്പില്‍നിന്ന് ഐ ഗ്രൂപ്പിലേക്കും തിരികെ ഗ്രൂപ്പ് രഹിത കോണ്‍ഗ്രസായും പ്രവര്‍ത്തിക്കുന്ന ഷിജി റോയി ഒറ്റപ്പെടുത്തുന്നതില്‍ ഗ്രൂപ്പ് നേതാക്കള്‍ മൗനം പാലിക്കുകയാണ്. ഇനിയും മാനസികമായി പിടിച്ചുനില്ക്കാന് പ്രയാസമാണ് ഷിജി റോയി പറഞ്ഞു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കണ്ട് തിങ്കളാഴ്ച വിശദീകരണം നല്കി രാജി സമര്‍പ്പിക്കും. ഒപ്പം കെപിസിസി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികള്‍ക്ക് ഫാക്സ് സന്ദേശമയക്കും. പൊതുരംഗത്ത് ഇനിയും പ്രവര്‍ത്തിക്കും, ഷിജി റോയി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: