ചെറുതോണി : വാഴത്തോപ്പ് പഞ്ചായത്തിലെ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷാ പരിശീലനത്തിന്റെ ഭാഗമായി തായ്ക്കോണ്ടോ പരിശീലനം ആരംഭിച്ചു.
നിര്‍ഭയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പരിശീലന പരിപാടിക്ക് ജില്ലയില്‍ ആദ്യമായാണ് തുടക്കം കുറിക്കുന്നത്.മാറിവരുന്ന സാമൂഹിക പരിസ്ഥിതിയില്‍ ഭയം കൂടാതെ ജീവിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും സ്വയംരക്ഷാബോധം, അച്ചടക്കം, ജീവിതശൈലി രോഗങ്ങളില്‍നിന്നുള്ള മോചനം, ആരോഗ്യപൂര്‍ണ്ണമായ തലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജോ തടത്തില്‍ പറഞ്ഞു.
പഞ്ചായത്തിലെ മൂന്നു ഹൈസ്കൂളുകളിലും ഇപ്പോള്‍, കരാട്ടെ, തായ്ക്കോണ്ടോ പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. ഒളിമ്പിക് ഇനം കൂടിയായ തായ്ക്കോണ്ടോ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്, സ്പോര്‍ട്സ് ക്വോട്ട അഡ്മിഷന്, സര്‍ക്കാര്‍ ജോലികളില്‍ സംവരണം എന്നിവയും ലഭിക്കും. തായ്ക്കോണ്ടോ പരിശീലകന് പോള്‍ ജോര്‍ജാണ് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സാബു തങ്കച്ചന്, ആലീസ് ജോസ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സൗദാമിനി, കമലാസനന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.പി. സണ്ണി സ്വാഗതവും ഹെഡ്മാസ്റ്റര് ജോഷി ജോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: