കണ്ണവം: കണ്ണവം വനമേഖലയില്‍ ആയുധധാരികളായ സംഘത്തെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ ശക്തമാക്കി. വനമേഖലയിലെ ചെക്യേരി ആദിവാസി കോളനിക്ക് സമീപം 25-ാം മൈലിലെ ഭാരത് ക്വാറിക്കടുത്തായിട്ടാണ് ആയുധധാരികളായ മാവോയിസ്റ്റുകളെ കണ്ടതെന്നാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്.
സംഭവമറിഞ്ഞതോടെ പേരാവൂര്‍, കണ്ണവം പോലീസ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം മാവോയ്സ്റ്റുകളും പോലീസും മുഖാമുഖം ഏറ്റുമുട്ടിയെന്ന് പറയപ്പെടുന്ന വയനാട് വെളളമുണ്ട ചപ്പ കുറിച്യക്കോളനിക്കടുത്തു നിന്നും 20 കിലോമീറ്ററോളം ദൂരത്തിലാണ് ചെക്യേരി കോളനി, പോലീസുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട സംഘം നേരെ എത്തിയത് ചെക്യേരിയിലായിരിക്കാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും പോലീസ് സംഘവും പരിശോധന നടത്തുമ്പോള്‍ സംഘം വിലങ്ങാട് മേഖലയിലേക്കോ കണ്ണവം മേഖലയിലേക്കോ മാറിയേക്കാമെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാളൂക്ക് വനമേഖലയില്‍ ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കെയാണ് കണ്ണവം വനത്തില്‍ ചെക്യേരി കോളനിക്ക് സമീപം ആയുധധാരികളെ നാട്ടുകാര്‍ കണ്ടത്. വനമേഖലകളില്‍ ആയുധധാരികളെ കണ്ടെത്തിയതായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും തണ്ടര്‍ബോള്‍ട്ടിനും പോലീസുകാര്‍ക്കും ഇവരെ പിടികൂടാനോ കണ്ടെത്താനോ കഴിയാത്തത് ജനങ്ങളില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: