ആലപ്പുഴ: ടൂറിസം, ഉത്സവ സീസണ് ലക്ഷ്യമാക്കി ജില്ലയില്‍ മയക്കു മരുന്നു റാക്കറ്റുകള്‍ സജീവം. വിദ്യാര്‍ത്ഥികള്‍ പ്രധാന ഇരകള്‍. ഏതാനും മാസങ്ങള്‍ മുമ്പ് ഹരിപ്പാട്ട് രണ്ടു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി വന്‍ സംഘം പിടിയിലായ ശേഷം പിന്‍വാങ്ങിയിരുന്ന റാക്കറ്റുകളെല്ലാം വീണ്ടും സജീവമായെന്നാണ് സൂചന. മയക്കുമരുന്ന് റാക്കറ്റുകളെ തുരത്താന്‍ പോലീസും എക്സൈസും പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയെങ്കിലും വേണ്ടത്ര ഫലമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം വില്പ്പനക്കാരന് വേണ്ടി കഞ്ചാവ് കടത്തിയതിന് തമിഴ്നാട് സ്വദേശിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിയെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. റെയില്‍വെ സ്റ്റേഷന്, വാടയ്ക്കല്‍, കുതിരപ്പന്തി, മാര്‍ക്കറ്റ്, കെഎസ്ആര്‍ടിസി, പുന്നമട, പാലക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് മയക്കുമരുന്ന് ഏജന്റുമാരുടെ കച്ചവടം സജീവമായി നടക്കുന്നത്. വിദ്യാര്‍ഥികളാണ് ഇവരുടെ പ്രധാന ഇരകള്‍. മയക്കുമരുന്ന് വിതരണ രംഗത്തേക്ക് കടന്നുവരുന്നതിലേറെയും മയക്കുമരുന്ന് ഉപയോക്താക്കളാണ്. 17 രൂപ എംആര്‍പിയുള്ള ബ്രൂഫിനോര്‍ഫിന്‍ 500 രൂപയ്ക്കാണ് വില്‍ക്കുന്നത്.
പൂനെ, നാഗര്‍കോവില്‍, ബംഗളുരൂ എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് കൂടുതലും എത്തുന്നതെന്നാണ് വിവരം. ബ്രൂഫിനോഫിന്‍, ഡയസപാം ഇനങ്ങളില്‍പ്പെട്ട മരുന്നുകളാണ് വ്യാപകമായി വിതരണം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഈ മരുന്നുകള്‍ നര്‍കോട്ടിക് ലൈസന്‍സ് ഉള്ളവര്‍ക്കെ സൂക്ഷിക്കാനാകൂയെന്നാണെങ്കിലും പല മെഡിക്കല്‍ സ്റ്റോറുകളിലും ഇവ ലഭ്യമാണ്. മണ്ണഞ്ചേരി പഞ്ചായത്തിന്റെ തെക്കന്‍മേഖല കഞ്ചാവു വില്‍പ്പനയുടെ കേന്ദ്രമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ ഇവിടേയ്ക്ക് പതിവുകാര് എത്തുന്നു. കലവൂര്‍, ഐറ്റിസി കോളനി, എഎസ് കനാല്‍ തീരം, കോമളപുരം, ആര്യാട് ഭാഗങ്ങളില്‍ മയക്കുമരുന്ന് സംഘവും തമ്പടിക്കുന്നു. ഇവിടെ 18 വയസിന് താഴെയുള്ളവരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു. കഞ്ചാവും മാഫിയകളും അടുത്തിടെയായി സജീവമാണ്.
മാരാരിക്കുളം ബീച്ചും ലഹരിമരുന്നു റാക്കറ്റുകളുടെ കേന്ദ്രമാണ്. ചേര്‍ത്തല താലൂക്കില്‍ തുടര്‍ച്ചയായ പരിശോധനകളിലൂടെ നിരവധിപേരെ അറസ്റ്റു ചെയ്യുകയും വ്യാപകമായി മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ പിന്‍വാങ്ങിയവര്‍ വ്യാപാരം വീണ്ടും തുടങ്ങിയിട്ടുണ്ട്. വയലാര്‍, കുത്തിയതോട്, കോടംതുരുത്ത്, ചമ്മനാട്, അരൂക്കുറ്റി, എരമല്ലൂര്‍ പ്രദേശങ്ങളിലാണ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചെത്തുന്ന സംഘങ്ങള്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. പ്രദേശങ്ങളിലെ സ്കൂളുകളുടെ പരിസരങ്ങളാണ് സംഘങ്ങള്‍ താവളമാക്കുന്നത്. മട്ടാഞ്ചേരി, അരൂര്‍, വടുതല, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യുവാക്കള്‍ മുഖേനയാണ് പ്രദേശത്ത് മയക്കുമരുന്ന് എത്തുന്നതെന്നാണ് വിവരം. സ്കൂള്‍ കുട്ടികളെ വലയിലാക്കി ഇവര്‍ മുഖേനയാണ് സംഘം മയക്കുമരുന്ന് വിപണനം നടത്തുന്നത്. വേദനസംഹാരി ഗുളികകളാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ലഹരിമരുന്നായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രം നല്‍കേണ്ട മരുന്നുകള്‍ ചില മരുന്നുകടകളില്‍ കുറിപ്പടിയില്ലെങ്കിലും നല്കുന്നതായാണു സൂചന. 175 രൂപയ്ക്കു ഇത്തരം പത്തു ഗുളികകളാണത്രെ ലഭിക്കുന്നത്.
രണ്ടു ഗുളികകള്‍ കഴിച്ച് ഒരു സിഗരറ്റ് വലിച്ചാല്‍ തലയ്ക്കു മത്തുപിടിക്കും. മദ്യത്തിന്റെ മണമില്ല, ചെലവും കുറവ്. വാഹനപരിശോധനയില്‍ പോലീസ് പിടികൂടുമെന്ന ഭയവും വേണ്ട. വിദ്യാര്‍ഥികള്‍ ലഹരിയിലാണെന്ന് വീട്ടുകാര്‍ക്കോ അധ്യാപകര്‍ക്കോ പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല. ഈ ഗുളികകള്‍ പതിവായി കഴിക്കുന്നത് മാരകമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു. ഡോക്ടര്‍മാരുടെ വ്യാജകുറിപ്പടികള് തയാറാക്കി നല്കുന്ന പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: