പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജലജന്യ-കൊതുജന്യ രോഗങ്ങളും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ എല്ലാ ഭക്ഷണശാലകളിലും ശുചിത്വം പാലിക്കണമെന്നും നിര്‍ദേശിച്ചു.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നടപ്പാക്കിവരുന്ന സേഫ്കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, റ്റീഷോപ്പുകള്, കാറ്ററിംഗ് സെന്ററുകള്‍, കൂള്‍ബാറുകള്‍, സോഡാ നിര്‍മാണ യൂണിറ്റുകള്‍, ശബരിമല ഇടത്താവളങ്ങളിലെ ഭക്ഷണശാലകള്‍ ഉള്‍പ്പെടെ 917 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും 5550 രൂപ പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നത്, പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്നത്, സുരക്ഷിതമല്ലാത്ത വെള്ളം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നത്, വൃത്തിഹീനമായ പാത്രങ്ങള്‍ ഉപയോഗിക്കുന്നത്, പാചക്കാരുടെ ശുചിത്വം, മാലിന്യ സംസ്കരണത്തിലെ പോരായ്മകള്‍, പരിസര ശുചിത്വം എന്നീ കാര്യങ്ങള്‍ പരിശോധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: