ചാലക്കുടി: കേരള-തമിഴ്നാട് അതിര്‍ത്തിയായ മലക്കപ്പാറയില്‍ മാവോയിസ്റ്റ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വനം-എസ്റ്റേറ്റ് മേഖലയായ മലക്കപ്പാറയില്‍ പോലീസും വനംവകുപ്പും മിന്നല്‍ പരിശോധന നടത്തി.
മലക്കപ്പാറയിലേക്ക് ഇടുക്കി മേഖലയില്‍ നിന്നും കപ്പായം തോടിലൂടെ എത്തിചേരാന്‍ എളുപ്പ മാര്‍ഗ്ഗമുണ്ട്. ഇടമലക്കുടി, കുട്ടന്പുഴ, വെട്ടിവിട്ടക്കാട്, അരൈക്കാപ്പ് എന്നീ ആദിവാസി ഊരുകള്‍ വഴി മലക്കപ്പാറയിലെത്താം. നേര്ത്തേ ഈ മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇവിടെ പോലീസ് പെട്രോളിംഗ് നടത്തിയെങ്കിലും അന്ന് മതിയായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. കാതിക്കുടം എന്‍.ജി.ഐ.എല്‍., പാലിയേക്കര ടോള്‍ പ്ലാസ എന്നിവടങ്ങളില്‍ മാവോലിസ്റ്റുകളുടെ ഓപ്പറേഷന് അവര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മേഖലകളില്‍ പോലീസിന്റെ ജാഗ്രത മൂലം ആക്രമണം ഉണ്ടായില്ല.
എന്നാല്‍ ഇപ്പോള്‍ മലക്കപ്പാറയില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് എന്‍.ജി.ഐ.എല്‍.ന്റെ കൊട്ടിയിലുള്ള ഓഫീസില്‍ ആക്രമണം നടന്നിരുന്നു. വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വാര്‍ത്ത പരന്നതോടെ ആനമല ആദിവാസി മേഖലയിലുള്ള ആദിവാസി ഊരുകളില്‍ ആശങ്ക പടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: