കണ്ണൂര്‍: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കണ്ണൂര്‍ കോടതി കോംപ്ലക്സില്‍ നടന്ന അദാലത്തില്‍ 3500 ലേറെ കേസുകള്‍ പരിഗണനയ്ക്ക് വന്നു. ഇതില്‍ ആയിരത്തോളം കേസുകള്‍ ഒത്തുതീര്‍പ്പായി. സിവില്‍, ക്രിമിനല്‍, കുടുംബ, ഉപഭോക്തൃ കോടതികളിലെ കേസുകളും ബാങ്ക്, റവന്യൂ, നഗരസഭകള്‍ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളുമാണ് അദാലത്തില്‍ പരിഗണനയ്ക്ക് വന്നത്.
രാവിലെ 10 മണിക്ക് ആരംഭിച്ച കേസ് വിചാരണ നടപടികള്‍ വൈകിട്ട് ഏഴുമണി വരെ നീണ്ടു. ഏഴ് ബൂത്തുകളിലായാണ് അദാലത്തില്‍ കേസുകള്‍ പരിഗണിച്ചത്. അഭിഭാഷകര്‍, കോടതി ജീവനക്കാര്‍, വക്കീല്‍ ഗുമസ്തന്മാര്, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവരും അദാലത്തിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. പിരിച്ചുവിട്ട സഹ. ബാങ്ക് ജീവനക്കാരനെ തിരിച്ചെടുക്കാന്‍ ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കണ്ണൂര്‍ കോടതി കോംപ്ലക്സില്‍ നടന്ന അദാലത്തില്‍ തീരുമാനം.
കണ്ണൂര്‍ ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 2013 ല്‍ പിരിച്ചുവിട്ട കെ എ നിഷാന്ത് ബാബുവിനെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവായത്. 2013 മുതല്‍ ലേബര്‍ കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് അദാലത്തില്‍ ഒത്തുതീര്‍പ്പുണ്ടായത്. ബാങ്കിനെ പ്രതിനിധീകരിച്ച് കെ പി സഹദേവനും മറ്റ് പ്രതിനിധികളും പങ്കെടുത്തു.
നിഷാന്തിനെ പിരിച്ചുവിട്ട ദിവസം മുതല്‍ ഡിസംബര്‍ 6 വരെ അവധിയായി പരിഗണിക്കാനും ധാരണയായി. കുടുംബകോടതി ജഡ്ജി ഡി അജിത് കുമാര്‍, അഡ്വ. ഷിജിന് നമ്പ്യാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒന്നാം നമ്പര്‍ ബൂത്തിലാണ് ഈ കേസ് പരിഗണിച്ച് തീര്‍പ്പാക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു നിഷാന്തിനെ പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: