ചെറുതോണി : ജില്ലാ ആസ്ഥാനത്തെ ഭൂമി കൈയ്യേറ്റത്തെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാട് അപലപനീയമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സ്വാമി ദേവചൈതന്യ പറഞ്ഞു. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനും വ്യാപാരി സമൂഹത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും ഹിന്ദു ഐക്യവേദി ശ്രമിക്കുന്നു എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം അടിസ്ഥാന രഹിതവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്.
2012 ജൂണ്‍ 22ന് ബഹുനില കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ജനപ്രതിനിധികളും, രാഷ്ട്രീയ വ്യാപാരി സംഘടനാ നേതാക്കളും ഒത്തുചേര്‍ന്ന യോഗത്തില്‍ നാളിതു വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുവാനും തുടര്‍ന്ന് ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണമോ, ഭൂമി കൈയ്യേറ്റമോ നടത്തുവാന്‍ പാടില്ല എന്ന് തീരുമാനിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റേയും കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റേയും ഉത്തരവില്‍ വളരെ വ്യക്തമായി പറയുന്നത് ഇടുക്കി ആര്‍ച്ച് ഡാമിന്റെ എട്ടു കിലോമീറ്റര്‍ ദൂര പരിധിക്കുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് വസ്തു കൈയ്യേറി ബഹുനിലകെട്ടിടം നിര്‍മ്മിക്കുന്നത്.
വിവാദ കെട്ടിടം പൊളിച്ചു നീക്കി പതിനഞ്ച് ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസില്‍ വിവരം അറിയിക്കണമെന്ന് കഴിഞ്ഞ 6ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കഴിഞ്ഞ ആഗസ്റ്റ് 5ന് ജില്ലാ കളക്ടറും ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് ജില്ലാ ഭരണ കൂടത്തിനു മൂക്കിനു താഴെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്.
ഇടുക്കി ജില്ലാ ആസ്ഥാനത്ത് പെരിയാറും, ആയുര്‍വ്വേദ ഹോസ്പിറ്റല്‍ വസ്തുവും, പൊതുശ്മശാന വസ്തുവും ഉള്‍പ്പെടെ കൈയ്യേറുമ്പോള്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ ആര്‍ച്ച് ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ താമസിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ അനുയോജ്യമായ വസ്തുവും വീടും നല്‍കണമെന്ന ആവശ്യത്തെ തിരസ്കരിക്കുന്ന കോണ്‍ഗ്രസ്സ് വന്‍കിട കൈയ്യേറ്റം നടത്തുന്ന രാഷ്ട്രീയ മേലാളന്മാരെ സംരക്ഷിക്കുകയാണെന്നും സ്വാമി ദേവചൈതന്യ ചൂണ്ടിക്കാട്ടി.
കൈയ്യേറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കുമെന്ന് സ്വാമി ദേവ ചൈതന്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: