കൊട്ടാരക്കര: നിക്ഷേപകര്‍ തട്ടിപ്പിനിരയായ താമരക്കുടി സര്‍വ്വീസ് സഹകരണബാങ്കിന്റ കേസ് തീര്‍ക്കാന്‍ പ്രത്യേക അദാലത്ത് നടത്താന്‍ കൊട്ടാരക്കരയില്‍ നടന്ന നാഷണല്‍ അദാലത്തില്‍ തീരുമാനമായി.
ബാങ്കില്‍ നിക്ഷേപിച്ച പണം മടക്കി കിട്ടാത്ത മുപ്പത് പേരാണ് നീതി തേടി അദാലത്തില്‍ എത്തിയത്. എന്നാല്‍ സെക്രട്ടറി ഒഴികെ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭരണസമിതിക്കാര് ആരും തന്നെ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് പ്രത്യേക അദാലത്ത് നടത്തി കേസ് പരിഗണിക്കാന്‍ തീരുമാനമായത്.
നാഷണല്‍ അദാലത്തിന്റ ഭാഗമായി കൊട്ടാരക്കരയില്‍ ഇന്നലെ നടന്ന അദാലത്തില്‍ എണ്ണായിരത്തഞ്ഞൂറോളം കേസുകള്‍ പരിഗണനക്ക് വന്നതില്‍ 1936 എണ്ണം തീര്‍പ്പായി. 75 ക്രിമിനല്‍ കേസില്‍ 25 എണ്ണവും 5000 പെറ്റിക്കേസുകള്‍ പരിഗണിച്ചതില്‍ 1555 എണ്ണവും, 300 കുടുംബ കേസുകളില്‍ 72 എണ്ണവും തീര്‍പ്പായി. 140 ചെക്ക് കേസുകളില്‍ 14 എണ്ണവും, 270 സിവില്‍ കേസ് പരിഗണിച്ചതില്‍ 24 എണ്ണവും തീര്‍പ്പായി.
രാവിലെ ഒന്‍പതിന് അദാലത്ത് ആരംഭിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് കുടുംബകോടതി ജഡ്ജി കെ.എ.രാജമോഹനന് ഉദ്ഘാടനം ചെയ്തു. 32 ബൂത്തുകളിലായാണ് വിവിധ കേസുകള്‍ പരിഗണിച്ചത്. ജുഡീഷ്യല്‍ ഓഫീസര്‍മാരായ എസ്.വി.ഉണ്ണികൃഷ്ണന് നായര്‍, ഹസീസ് മുഹമ്മദ്, കവിതഗംഗാധരന്, വിവിജ രവീന്ദ്രന്, ബി.ശ്രീകുമാര്‍, എന്നിവരും തെരഞ്ഞെടുക്കപെട്ട അഭിഭാഷകരുമാണ് അദാലത്തിന് നേതൃത്വം നല്‍കിയത്. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എ.കെ.ഗോപകുമാര്‍, സെക്രട്ടറി അഡ്വ.ഷൈന്‍പ്രഭ, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി നവീന്‍ സുകുമാരന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: