കൊച്ചി: നവംബര്‍ 16, വി. ആര്. കൃഷ്ണയ്യരുടെ ജന്മശതാബ്ദി ആഘോഷം ഹൈക്കോടതി ഓഡിറ്റോറിയത്തില്‍. ജസ്റ്റിസായിരിക്കെയുള്ള കൃഷ്ണയ്യരുമായുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍ നൂറുകണക്കിന് പേരാണ് ഹാളില്‍ തടിച്ചുകൂടിയത്.
ന്യായാധിപനും പൊതുപ്രവര്‍ത്തകനും മനുഷ്യസ്നേഹിയും മന്ത്രിയുമായി ഒരുനൂറ്റാണ്ട് കടന്ന കൃഷ്ണയ്യരെ ആദരിക്കാന്‍ നിയമലോകം ഒന്നിച്ചപ്പോള്‍ സദസ്സും വേദിയും നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞു. കൃത്യം 10.30ഓടെ ഗവര്‍ണറും അതിഥികളും വേദിയിലെത്തിയപ്പോള്‍ നടുവിലെ ഒരു കസേരമാത്രം വിശിഷ്ടാതിഥിക്കായി കാത്തിരുന്നു.
ശ്രേഷ്ഠ വ്യക്തിത്വത്തെ സ്വീകരിക്കാനും പിറന്നാള്‍ ആശംസകള്‍ നേരാനും മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ അടക്കമുള്ള നിയമലോകത്തെ പ്രഗത്ഭരുമെത്തി. ഡോ. കെ.ആര് വിശ്വംഭരന്റെ സ്വാഗതപ്രഭാഷണത്തിനിടെ സദസ്സിന്റെ അങ്ങേഅറ്റത്ത് സഹായികളുടെ തുണയില്‍ വീല്‍ചെയറില്‍ പിറന്നാളുകാരനെത്തി.
ശുഭ്ര‘വസ്ത്രത്തില്‍ തൊഴുകൈകളോടെ വി. ആര് കൃഷ്ണയ്യര്‍ വേദിയിലേക്ക് നീങ്ങിയപ്പോള്‍ സദസ്സും എഴുന്നേറ്റ് നിന്ന് കൈകൂപ്പി. ചിലര്‍ കാല് വന്ദിച്ച് അനുഗ്രഹം വാങ്ങാനും മത്സരിച്ചു. ഇടതടവില്ലാതെ മിന്നിയ ക്യാമറ ഫഌഷുകള്ക്കിടിയില് സഹായികളുടെ കൈത്താങ്ങോടെ വേദിയിലേക്കും. സ്വീകരിച്ചിരുത്തിയ ഗവര്‍ണര്‍ പി. സദാശിവത്തെ തലയില്‍ കൈവെച്ച് അനുഗ്രഹം ചൊരിഞ്ഞ നന്മയുടെ വടവൃക്ഷം പിന്നെ, സദസ്സിനെയും തൊഴുകൈകളോടെ അഭിവാദ്യം ചെയ്തു.
പ്രസംഗിച്ചരെല്ലാം ആദ്ദേഹത്തിന്റെ ഓരോ പ്രത്യേകതകളും എണ്ണിയെണ്ണിപ്പറഞ്ഞു.അഭിഭാഷകന്, മന്ത്രി, സാമൂഹ്യപ്രവര്‍ത്തകന്‍, നീതിക്കുവേണ്ടിയുള്ള പോരാളി…ഓരോ റോളിലും അദ്ദേഹമെത്രമാത്രം തിളങ്ങിയെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് പുതുതലമുറയില്‍ പെട്ടവര്‍ അദ്ദേഹത്തിന്റെ മാഹാത്മ്യം അറിയുന്നത്. വെറും നൂറുവര്ഷമല്ല കഴിഞ്ഞത്, മാന്ത്രിക സ്പര്‍ശമുള്ള നൂറു വര്‍ഷമായിരുന്നു അതെന്നറിയുന്നത്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി എപ്പോഴും കണ്ണ് തുറക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളും ഇനിയും എന്നും രാജ്യം ശ്രദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: