കോട്ടയം: പട്ടികജാതി വിഭാഗക്കാരനായ പൂജാരിയെ പൂജചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. വൈക്കം വടക്കേമുറി വില്ലേജില്‍ വൈക്കപ്രയാര്‍ കരയില്‍ രൂരാമുറ്റം വീട്ടില്‍ കുഞ്ഞുമോനെയാണ് അയല്‍വാസികള്‍ വീട്ടില്‍ പൂജചെയ്യാന്‍ അനുവദിക്കാത്തത്. പുലയ സമുദായത്തിന്റെ തലയോലപ്പറമ്പ് കോരിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായ കുഞ്ഞുമോന് വീട്ടില്‍ പിതൃക്കള്‍ക്ക് ദാഹം വെയ്ക്കല്‍ ചടങ്ങും ബലികര്‍മ്മവും നടത്തുന്നതാണ് അയല്‍വാസികളായ അഗസ്റ്റിന്, സാബു എന്നിവര്‍ തടസ്സപ്പെടുത്തുകയും വീട്ടില്‍ കയറി അക്രമിക്കുകയും ചെയ്തതായി ദേശീയ അധസ്ഥിത വര്‍ഗ്ഗ ലീഗ് സംസ്ഥാന പ്രസിഡന്റ് കരകുളം സത്യകുമാറും ജനറല്‍ സെക്രട്ടറി വൈക്കം വി.ആര്. രാംദാസും പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുഞ്ഞുമോന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കും തല്ലിപ്പൊട്ടിക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും കാണിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനു മുമ്പാകെ സിന്ധു പരാതി നല്‍കിയിട്ടുണ്ട്. അയല്‍വാസികളുടെ ഉപദ്രവത്തെ സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പട്ടികജാതിക്കാരനായ കുഞ്ഞുമോന് നടത്തുന്ന പൂജകളെ തടസ്സപ്പെടുത്തുകയും വീടുകയറി ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ കോട്ടയം പോലീസ് ചീഫിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കുഞ്ഞുമോന്, ഭാര്യ സിന്ധു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: