മാവേലിക്കര: സിഐയുടെ ജീപ്പില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്ന്ന് പിടികൂടി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കോടതി ജങ്ഷനില്‍ നിന്ന് ആരംഭിച്ച മത്സരയോട്ടം പത്ത് കിലോമിറ്ററോളം ചുറ്റിത്തിരിഞ്ഞ് അവസാനിച്ചത് ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ മുള്ളുവേലി തകര്‍ത്തുകൊണ്ടാണ്. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.
മാവേലിക്കര കോടതി ജങ്ഷനു സമീപത്താണ് സിഐ: ജോസ് മാത്യുവിന്റെ വണ്ടിയില്‍ കാര്‍ തട്ടിയത്. കാര്‍ നിര്‍ത്താതെ ഇവര്‍ ഓടിച്ചുപോയി. പോലീസ് പിന്തുടരുന്നതില് ഭയന്ന് വിദ്യാര്‍ത്ഥികള്‍ കാര്‍ വേഗത്തില്‍ ഓടിച്ചു പോയി. പിന്നാലെ പോലീസും. കോടതി ജംഗ്ഷനില്‍ നിന്ന് ഓലകെട്ടി വഴി വാത്തികുളങ്ങരയിലേക്കും അവിടെനിന്ന് മുള്ളിക്കുളങ്ങര വഴി പുന്നംമൂട്ടിലും എത്തിയ ശേഷം ചെട്ടികുളങ്ങര ഭാഗത്തേക്ക് ഓടിച്ച് പോയ കാര്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വളവില്‍ മുള്ളുവേലി ഇടിച്ചുതകര്‍ത്ത് നിര്‍ത്തുകയായിരുന്നു. പിന്നാലെയെത്തിയ സിഐയും സംഘവും മൂവരെയും കസ്റ്റഡിയില്‍ എടുത്തു.
ചോദ്യം ചെയ്യലില്‍ കരീലക്കുളങ്ങര സ്വദേശിയുടെ കാര്‍ വാടകക്ക് എടുത്ത് പഠിക്കാന്‍ ഓടിച്ചതാണെന്നും മനസിലായി. തുടര്‍ന്ന് രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി ഇവരെ വിട്ടയച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: