ആലപ്പുഴ: പക്ഷിപ്പനി രോഗപ്രതിരോധ-നിയന്ത്രണപ്രക്രിയയിലെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ കൂടിയ പ്രതിദിനഅവലോകനയോഗത്തിലാണ് തീരുമാനം. താറാവുകളെ കൊന്നുസംസ്കരിച്ച സ്ഥലങ്ങളും അവയെ പാര്‍പ്പിച്ച പാടശേഖരങ്ങളും അണുവിമുക്തമാക്കുന്ന ചുമതലയാണ് അവര്‍ക്കു നല്‍കുക.
കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ലഭ്യമായ കണക്കനുസരിച്ച് ചൊവ്വാഴ്ച ചെന്നിത്തല കരുവാറ്റ, പള്ളിപ്പാട്ട് എന്നിവിടങ്ങളിലായി 29,403 താറാവുകളെയും 1,09,609 മുട്ടകളും നശിപ്പിച്ചു. ഭഗവതിപ്പാടം ഉള്‍പ്പെടെ വിവധ മേഖലകളില്‍ വീടുകള്‍ കയറിയുള്ള സര്‍വേയും ബോധവത്കരണവും നടത്തി. 23 കള്ളിങ് ടീമുകളെ ബുധനാഴ്ച വീടുവീടാന്തരമുള്ള പക്ഷിനശീകരണത്തിനു നിയോഗിച്ചിട്ടുണ്ട്.
പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലുള്ള പക്ഷികളെ നശിപ്പിക്കാനും പരിസരം അണുവിമുക്തമാക്കാനുള്ള നടപടികളാണ് പ്രധാനമായും രണ്ടാം ഘട്ടത്തിലുള്ളത്. ഭവനസന്ദര്‍ശനം നടത്തുന്ന ഹെല്‍ത്ത് വോളണ്ടിയര്‍മാരും ശുചീകരണപ്രവര്‍ത്തകരും പ്രതിരോധഗുളിക കഴിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കള്ളിങ് ടീമംഗങ്ങള്‍ മാത്രം ഗുളിക കഴിച്ചാല്‍ മതിയാകും.
ആരോഗ്യവകുപ്പിന്റെ 449 സംഘങ്ങള്‍ വീടുകളില്‍ ആരോഗ്യസര്‍വേ നടത്തിവരികയാണ്. ഇന്നലെ അവര്‍ 17,036 വീടുകള്‍ സന്ദര്‍ശിച്ച് 60,933 തദ്ദേശവാസികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. 381 പേര്‍ക്ക് സാധാരണപനി മാത്രമേയുള്ളൂ എന്നു കണ്ടെത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ആരിലും കണ്ടെത്തിയിട്ടില്ല. മരുന്ന്, മാസ്ക് തുടങ്ങിയവ ആവശ്യത്തിനു ശേഖരിച്ചിട്ടുണ്ട്.
മൃഗസംരക്ഷണവകുപ്പിന്റെ 365 ജീവനക്കാരാണ് നിലവില്‍ ദൗത്യസംഘത്തിലുള്ളത്. ഇവരെ വിവിധ ടീമുകളായാണ് പഞ്ചായത്തുകളിലേക്ക് വിന്യസിക്കുക. ഒന്നിടവിട്ടുള്ള ദിവസങ്ങളിലായി ഓരോ സംഘവും ഇറങ്ങും. രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി അതതു പഞ്ചായത്തിലെ മൃഗഡോക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. അവരെ സഹായിക്കാന്‍ റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥരുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: