കോട്ടയം: പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂര്‍ മെഖേരി യുപി സ്കൂളില്‍ അരുംകൊല ചെയ്യപ്പെട്ട യുവമോര്‍ച്ച വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ജ്വലിക്കുന്ന സ്മരണകളെ സാക്ഷിയാക്കി ആയിരങ്ങള്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന ജനശക്തി സംഗമം ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. സിപിഎം- കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം അവസാനിപ്പിച്ചതോടെ ഭാരതജനത സിപിഎമ്മിനെ കൈവിട്ടു. പശ്ചിമബംഗാളില്‍ പോലും പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പശ്ചിമബംഗാളിലേതുപോലെ കേരളത്തിലും സിപിഎം അണികലെ ഇന്ധനമാക്കിക്കൊണ്ട് ബിജെപി അധികാരം നേടുമെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വമെടുത്തു. സിപിഎം, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ചിരുന്നവരടക്കം നൂറുകണക്കിനാളുകള്‍ പുതുതായി ബിജെപിയില്‍ ചേര്‍ന്നു. ഇവരെ യോഗത്തിലേക്ക് ഹാരമണിയിച്ച് സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ട്രഷറര്‍ എം.ബി. രാജഗോപാല്‍, അംഗങ്ങളായ പി.കെ. രവീന്ദ്രന്, പ്രൊഫ. ബി. വിജയകുമാര്‍, ടി.എന്‍. ഹരികുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എന്‍. ഹരി, കെ.എം. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: